മന്ത്രി പറഞ്ഞ 'വൻ ഐഡിയ', ടിക്കറ്റിനൊപ്പം മുറുക്കും അച്ചപ്പവും വിറ്റ് സ്വകാര്യ ബസ് ജീവനക്കാർ; പത്തനംതിട്ട സ്റ്റാൻഡിലെ വീ‍ഡിയോ വൈറൽ


മന്ത്രി പറഞ്ഞ 'വൻ ഐഡിയ', ടിക്കറ്റിനൊപ്പം മുറുക്കും അച്ചപ്പവും വിറ്റ് സ്വകാര്യ ബസ് ജീവനക്കാർ; പത്തനംതിട്ട സ്റ്റാൻഡിലെ വീ‍ഡിയോ വൈറൽ


തിരുവനന്തപുരം: പ്രതിസന്ധിയിലായ സ്വകാര്യ ബസുകള്‍ ടിക്കറ്റിതര വരുമാനങ്ങളെക്കുറിച്ച് ആലോചിക്കണമെന്ന ഗതാഗത മന്ത്രി സി പി ജോണിന്‍റെ ആഹ്വാനം ഏറ്റെടുത്ത് സ്വകാര്യ ബസ് ജീവനക്കാര്‍. വരുമാന മാർഗ്ഗം കണ്ടെത്താൻ സ്വകാര്യ ബസുകളിൽ പലഹാര കച്ചവടം തുടങ്ങിയിരിക്കുകയാണ് ജീവനക്കാർ. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിലെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഏറെക്കുറെ കാലിയായ സ്വകാര്യ ബസിൽ മുറുക്കും അച്ചപ്പവും മിക്സ്ച്ചറും വിൽക്കുന്ന ജീവനക്കാരന്‍റെ വീഡിയോ ആണ് വൈറലായിട്ടുള്ളത്.കെഎസ്ആർടിസിയിൽ പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര നിലവിൽ വന്നതോടെ സ്വകാര്യ ബസുകൾ കടുത്ത പ്രതിസന്ധിയിലായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സി പി ജോൺ മറ്റ് വരുമാന മാർഗ്ഗം കണ്ടെത്തണമെന്ന് പറഞ്ഞത്. കെഎസ്ആര്‍ടിസി പരസ്യം ചെയ്യുന്നതുപോലെ അവര്‍ക്കും പരസ്യം നല്‍കാവുന്നതാണ്. കാര്‍ഗോ സംവിധാനം സ്വകാര്യ ബസുകളില്‍ കൊണ്ടുവരുന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യബസ് മേഖല നേരിടുന്ന പ്രതിസന്ധിക്ക് ആലോചിച്ച് പരിഹാരം കാണുമെന്ന് നേരത്തെ നിയമസഭയില്‍ മന്ത്രി വ്യക്തമാക്കിയിരുന്നു.അതിരൂക്ഷമായി തുടരുന്ന പ്രതിസന്ധി പരിഹരിക്കുവാന്‍ സര്‍ക്കാര്‍ ഇതുവരെ മാര്‍ഗങ്ങളൊന്നും കണ്ടെത്തിയില്ലെന്നാണ് മന്ത്രിയുടെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നത്. വിഷയത്തിന്‍റെ ഗൗരവം മനസിലാക്കുന്നുവെന്ന് നിരന്തരം സര്‍ക്കാര്‍ ആവർത്തിക്കുന്നുണ്ട്. എന്നാല്‍, പ്രതിസന്ധിയില്‍ നിന്ന് സംരക്ഷിക്കുന്ന യാതൊരു നടപടിയും ഇതുവരെ കൈക്കൊണ്ടിട്ടില്ല. സംസ്ഥാനത്ത് എണ്ണൂറിലേറെ ബസുകള്‍ ജി ഫോം നല്‍കി ഇന്ന് മുതല്‍ സര്‍വീസ് നിര്‍ത്തുകയാണ്. 20 മുതല്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ ബസുടമകള്‍ നിരാഹാര സമരം ആരംഭിക്കും.