അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞു; പെട്രോള്‍ - ഡീസല്‍ വില എപ്പോള്‍ കുറയ്ക്കും? പഴയ നഷ്ടം തിരിച്ചുപിടിക്കണം; പെട്രോള്‍-ഡീസല്‍ വില ഉടന്‍ കുറയില്ല; കുറഞ്ഞ വിലയ്ക്ക് വാങ്ങിയ ക്രൂഡ് രാജ്യത്ത് എത്തിയില്ലെന്നും പെട്രോളിയം മന്ത്രി

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുറഞ്ഞു; പെട്രോള്‍ - ഡീസല്‍ വില എപ്പോള്‍ കുറയ്ക്കും? പഴയ നഷ്ടം തിരിച്ചുപിടിക്കണം; പെട്രോള്‍-ഡീസല്‍ വില ഉടന്‍ കുറയില്ല; കുറഞ്ഞ വിലയ്ക്ക് വാങ്ങിയ ക്രൂഡ് രാജ്യത്ത് എത്തിയില്ലെന്നും പെട്രോളിയം മന്ത്രി



ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ (അസംസ്‌കൃത എണ്ണ) വിലയില്‍ ഇടിവുണ്ടായെങ്കിലും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഉടന്‍ കുറച്ചേക്കില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തില്‍ വലിയ വ്യതിയാനങ്ങളുണ്ടായപ്പോഴും ആഭ്യന്തര വിപണിയില്‍ വില വര്‍ദ്ധിപ്പിക്കാതെ പൊതുജനങ്ങളെ സര്‍ക്കാര്‍ സംരക്ഷിച്ചുവെന്നും, നിലവിലെ സാഹചര്യത്തില്‍ റീട്ടെയില്‍ ഇന്ധനവില കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നതില്‍ ന്യായമില്ലെന്നും മന്ത്രി എന്‍ഡിടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ എണ്ണവില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍, ജൂണ്‍ 30 വരെയുള്ള കാലയളവില്‍ പെട്രോള്‍, ഡീസല്‍, എല്‍പിജി എന്നിവ കുറഞ്ഞ വിലയ്ക്ക് വിറ്റതുവഴി രാജ്യത്തെ പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ക്ക് 74,781 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. മുന്‍കാലങ്ങളിലുണ്ടായ ഇത്തരം നഷ്ടങ്ങള്‍ (Cumulative under-recoveries) ഏകദേശം 2.18 ലക്ഷം കോടി രൂപയോളം വരും. കമ്പനികള്‍ ഇപ്പോഴും ഈ നഷ്ടം നികത്തിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എണ്ണക്കമ്പനികള്‍ സാധാരണയായി കുറഞ്ഞത് രണ്ടു മാസം മുന്‍പെങ്കിലും മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്താണ് ക്രൂഡ് ഓയില്‍ വാങ്ങാറുള്ളത്. അതിനാല്‍ ഇപ്പോള്‍ രാജ്യത്തെ റിഫൈനറികളില്‍ ശുദ്ധീകരിച്ചുകൊണ്ടിരിക്കുന്ന അസംസ്‌കൃത എണ്ണ, അന്താരാഷ്ട്ര വിപണിയില്‍ വില ഏറ്റവും ഉയര്‍ന്നുനിന്ന ഏപ്രില്‍, മെയ് മാസങ്ങളില്‍ വാങ്ങിയതാണ്. ഈ സാഹചര്യത്തില്‍ വിലക്കുറവിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ഉടന്‍ ലഭ്യമാകില്ല. വരും ആഴ്ചകളിലോ അടുത്ത 2-3 മാസങ്ങളിലോ ആഗോള വിപണിയില്‍ ഇതേ വിലക്കുറവ് തുടരുകയാണെങ്കില്‍ മാത്രമേ വില കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കൂ എന്നും നിലവില്‍ അതൊരു സാങ്കല്പിക സാഹചര്യം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎസ്-ഇറാന്‍ സംഘര്‍ഷകാലത്ത് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 110 ഡോളറിന് മുകളില്‍ ഉയര്‍ന്നപ്പോള്‍ വികസിത രാജ്യങ്ങളില്‍ പെട്രോള്‍ വിലയില്‍ 20 ശതമാനവും ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ 35 ശതമാനവും വര്‍ദ്ധനവുണ്ടായി. അന്ന് യുഎസ്-ഇറാന്‍ സംഘര്‍ഷ സമയത്ത് ലീറ്ററിന് 7.50 രൂപയോളമാണ് പെട്രോളിനും ഡീസലിനും വര്‍ദ്ധിച്ചത്. എന്നാല്‍ ഇന്ത്യയില്‍ പ്രതിസന്ധി ഘട്ടത്തിലും പെട്രോള്‍ വിലയില്‍ വെറും 5.58 ശതമാനവും ഡീസല്‍ വിലയില്‍ 6.23 ശതമാനവും മാത്രമാണ് വര്‍ദ്ധനവുണ്ടായത്. കഴിഞ്ഞ നാല് മാസത്തിനിടെ (ഫെബ്രുവരി 28 മുതല്‍ ജൂണ്‍ അവസാനം വരെ) രാജ്യത്തെ 1,07,000 റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ ഒരിടത്തുപോലും ഇന്ധനക്ഷാമം (Dryout) മൂലമുള്ള അടച്ചുപൂട്ടല്‍ ഉണ്ടാകാതെ സര്‍ക്കാര്‍ കൃത്യമായി ഇടപെട്ടുവെന്നും മന്ത്രി അവകാശപ്പെട്ടു. ഉപഭോക്താക്കള്‍ക്ക് മേല്‍ അമിതഭാരം വരാതിരിക്കാന്‍ 2021 നവംബറിലും 2022 മേയിലും കേന്ദ്ര സര്‍ക്കാര്‍ ഇന്ധനങ്ങളുടെ എക്‌സൈസ് ഡ്യൂട്ടി ഗണ്യമായി കുറച്ചിരുന്നു. പെട്രോളിനും ഡീസലിനും ലിറ്ററിന് 10 രൂപ വീതം സബ്സിഡി നല്‍കിയതിന്റെ ഭാരം കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുക്കുകയായിരുന്നു. കേന്ദ്രം എക്‌സൈസ് ഡ്യൂട്ടി കുറച്ചതിന് പിന്നാലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നികുതി കുറച്ചപ്പോള്‍, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാന്‍ തയ്യാറാകാത്തതാണ് വിവിധ സംസ്ഥാനങ്ങളില്‍ ഇന്ധനവിലയില്‍ വ്യത്യാസമുണ്ടാകാന്‍ കാരണമെന്നും മന്ത്രി കുറ്റപ്പെടുത്തി.

അതേസമയം, യുഎസും ഇറാനും തമ്മില്‍ ഒത്തുതീര്‍പ്പ് കരാറിലെത്തിയതോടെ ജൂണ്‍ രണ്ടാം പകുതിയോടെ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയാന്‍ തുടങ്ങിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍, സ്വകാര്യ ഇന്ധന റീട്ടെയിലര്‍മാരായ 'നയാര എനര്‍ജി' ജൂലൈ 1 മുതല്‍ തങ്ങളുടെ റീട്ടെയില്‍ ശൃംഖലയിലുടനീളം പെട്രോള്‍ ലിറ്ററിന് 5 രൂപയും ഡീസല്‍ ലിറ്ററിന് 3 രൂപയും കുറച്ചിട്ടുണ്ട്. അസംസ്‌കൃത എണ്ണവില കുറഞ്ഞതിന് ശേഷമുള്ള ചില്ലറ വിപണിയിലെ ആദ്യത്തെ പ്രധാന വിലക്കുറവാണിത്. പൊതുമേഖലാ കമ്പനികളില്‍ നിന്ന് വ്യത്യസ്തമായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും താരതമ്യേന ഉയര്‍ന്ന നിരക്കിലാണ് നയാര ഇന്ധനം വിറ്റിരുന്നത് എന്നതിനാലാണ് സര്‍ക്കാര്‍ കമ്പനികള്‍ വില കുറയ്ക്കുന്നതിന് മുന്‍പ് തന്നെ നയാരയ്ക്ക് വില കുറയ്ക്കാന്‍ സാധിച്ചത്.