മുഴുവൻ കത്തിച്ചാമ്പലായി; ബെംഗളൂരുവിൽ വെച്ച് കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു; ഷോർട്ട് സർക്യൂട്ട് മൂലമെന്ന് പ്രാഥമിക നിഗമനം; ഒഴിവായത് വൻ ദുരന്തം

 മുഴുവൻ കത്തിച്ചാമ്പലായി; ബെംഗളൂരുവിൽ വെച്ച് കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു; ഷോർട്ട് സർക്യൂട്ട് മൂലമെന്ന് പ്രാഥമിക നിഗമനം; ഒഴിവായത് വൻ ദുരന്തം



ബെംഗളൂരു: പയ്യന്നൂരിൽ നിന്നും ബെംഗളൂരുവിലേക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി കെ-സ്വിഫ്റ്റ് ബസിന് തീപിടിച്ചു. കെങ്കേരി ജ്ഞാനഭാരതി മെട്രോ സ്റ്റേഷന് സമീപത്ത് വെച്ച് ഇന്ന് രാവിലെ 6:45 ഓടെയായിരുന്നു അപകടം. ബസിൽ നിന്ന് പുക ഉയർന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ യാത്രക്കാരും ജീവനക്കാരും പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

ബെംഗളൂരു നഗരത്തിന് തൊട്ടരികിൽ എത്തിയതിനാൽ അപകടസമയത്ത് രണ്ട് യാത്രക്കാരും ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമാക്കിയതെന്നാണ് പ്രാഥമിക നിഗമനം. പുക ഉയരുന്നത് കണ്ട് എല്ലാവരും വേഗത്തിൽ പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ തീ ആളിപ്പടരുകയായിരുന്നു.

തീപിടിത്തത്തിൽ ബസിന്റെ മുൻഭാഗം പൂർണ്ണമായും കത്തിനശിച്ചു. വിവരമറിഞ്ഞ് കെങ്കേരിയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും അണച്ചത്. തുടരന്വേഷണങ്ങൾക്കായി കെങ്കേരി പോലീസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്