ഇരിട്ടി : കാല്‍നൂറ്റാണ്ടിലധികമായി തുടര്‍ന്നുവന്ന നിയമപോരാട്ടത്തിനും ഒരു കുടുംബത്തിന്റെ ദീര്‍ഘനാളത്തെ ദുരിതത്തിനും വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിന്റെ ഒറ്റ ദിവസത്തെ അടിയന്തര ഇടപെടലില്‍ ശുഭപരിസമാപ്തിയായിരിക്കുന്നു. കൊട്ടിയൂര്‍ സ്വദേശി സ്റ്റാന്‍ലി ജോസഫിന്റെ പട്ടയ ഭൂമിയില്‍ വനംവകുപ്പ് മുന്‍പ് തെറ്റായി സ്ഥാപിച്ചിരുന്ന ഏഴ് അതിര്‍ത്തി ജണ്ടകള്‍ രാവിലെ അധികൃതര്‍ നേരിട്ടെത്തി പൂര്‍ണ്ണമായും പൊളിച്ചുനീക്കി.
കൊട്ടിയൂര്‍ ഫോറസ്റ്റ് റേഞ്ചില്‍ ഉള്‍പ്പെട്ട, സ്റ്റാന്‍ലിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വനംവകുപ്പ് തെറ്റായി അതിര്‍ത്തി ജണ്ടകള്‍ സ്ഥാപിച്ചതിനെ തുടര്‍ന്നാണ് വലിയ തര്‍ക്കങ്ങള്‍ക്ക് തുടക്കമിട്ടത്. തന്റെ സ്വന്തം ഭൂമി തിരികെ ലഭിക്കാനായി കഴിഞ്ഞ 26 വര്‍ഷമായി സ്റ്റാന്‍ലി ജോസഫ് ഒട്ടനവധി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി നിരന്തരം അപേക്ഷ നല്‍കിയിട്ടും ഫലമുണ്ടായിരുന്നില്ല. നിയമപരമായി യാതൊരു നീതിയും ലഭിക്കാതായതോടെ 2022-ല്‍ ഇതേ ആവശ്യം ഉന്നയിച്ച് സ്റ്റാന്‍ലി വനമേഖലയിലെ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത് വലിയ മാധ്യമശ്രദ്ധ നേടുകയും നാടിനെ നടുക്കുകയും ചെയ്തിരുന്നു. അന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ നേരിട്ട് ഇടപെട്ട് പ്രത്യേക സര്‍വ്വേ നടത്തുകയും ജണ്ടകള്‍ അടിയന്തിരമായി പൊളിച്ചുമാറ്റാന്‍ വനംവകുപ്പിന് കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്തതാണ്. എന്നാല്‍ കളക്ടറുടെ ഉത്തരവ് വന്നിട്ടും അത് നടപ്പിലാക്കാന്‍ വനംവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ തയ്യാറായിരുന്നില്ല.
എന്നാല്‍ കഴിഞ്ഞ ദിവസം ഈ വിഷയം സ്ഥലം എം.എല്‍.എ സണ്ണി ജോസഫ് വനംവകുപ്പ് മന്ത്രി ഷിബു ബേബിജോണിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് വര്‍ഷങ്ങളായി അടഞ്ഞുകിടന്ന ഫയലുകള്‍ക്ക് മേല്‍ അതിവേഗ തീരുമാനമുണ്ടായത്. ദശാബ്ദങ്ങളായുള്ള ഒരു കര്‍ഷക കുടുംബത്തിന്റെ ദുരിതവും വിഷയം അതീവ ഗൗരവമുള്ളതാണെന്നും ബോധ്യപ്പെട്ട മന്ത്രി, ഒട്ടും സമയം കളയാതെ തന്നെ സ്റ്റാന്‍ലിയുടെ പുരയിടത്തിലെ തെറ്റായ ജണ്ടകള്‍ അടിയന്തരമായി പൊളിച്ചുമാറ്റാന്‍ കണ്ണൂര്‍ ഡി.എഫ്.ഒയ്ക്ക് നേരിട്ട് കര്‍ശനമായ ഒഫീഷ്യല്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

മന്ത്രിയുടെ കര്‍ശന ഉത്തരവ് പുറത്തുവന്നതിന് തൊട്ടുപിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വന്‍ സന്നാഹത്തോടെ സ്ഥലത്തെത്തുകയും സ്റ്റാന്‍ലിയുടെ ഭൂമിയിലെ തെറ്റായ ഏഴ് ജണ്ടകളും പൂര്‍ണ്ണമായും പൊളിച്ചുമാറ്റുകയും ചെയ്തു. അധികാരമേറ്റയുടന്‍ മന്ത്രി നടത്തിയ ഈ ശക്തമായ ഇടപെടലിലൂടെ ദശാബ്ദങ്ങള്‍ നീണ്ട തങ്ങളുടെ വലിയൊരു ശാപത്തിനും കണ്ണീരിനുമാണ് അറുതിയായതെന്നും, ഒടുവില്‍ നീതി ലഭിച്ചതില്‍ പരമാവധി ആശ്വാസവും സന്തോഷവുമുണ്ടെന്നും സ്റ്റാന്‍ലി ജോസഫും കുടുംബവും മാധ്യമങ്ങളോട് പ്രതികരിച്ചു.
