ജനൽ തകർത്ത് ചോദ്യപ്പേപ്പർ മോഷണം; ഭോപ്പാൽ ആർജിപിവി സർവകലാശാലയിൽ പരീക്ഷ റദ്ദാക്കി

ജനൽ തകർത്ത് ചോദ്യപ്പേപ്പർ മോഷണം; ഭോപ്പാൽ ആർജിപിവി സർവകലാശാലയിൽ പരീക്ഷ റദ്ദാക്കി


ഭോപ്പാൽ: ഭോപ്പാലിലെ പ്രമുഖ സാങ്കേതിക സർവകലാശാലയായ രാജീവ് ഗാന്ധി പ്രൗദ്യോഗികി വിശ്വവിദ്യാലയത്തിൽ പരീക്ഷയ്ക്ക് തൊട്ടുമുമ്പ് ചോദ്യപ്പേപ്പർ മോഷണം പോയി. സർവകലാശാലയുടെ 'സ്കൂൾ ഓഫ് ബയോടെക്നോളജി' വിഭാഗത്തിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ നാലാം സെമസ്റ്റർ കംപ്യൂട്ടർ പരീക്ഷയാണ് ഇതേത്തുടർന്ന് അവസാന നിമിഷം റദ്ദാക്കിയത്. കഴിഞ്ഞ ദിവസം രാവിലെ പരീക്ഷ എഴുതാൻ കോളേജിലെത്തിയ വിദ്യാർത്ഥികളോട് ചോദ്യപ്പേപ്പർ മോഷ്ടിക്കപ്പെട്ട വിവരം അധികൃതർ അറിയിക്കുകയായിരുന്നു. പരീക്ഷാ വിഭാഗത്തിലെ സ്ട്രോങ് റൂമിൽ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന ചോദ്യപ്പേപ്പറുകൾ അടങ്ങിയ ഒൻപതോളം സീൽ ചെയ്ത പാക്കറ്റുകളാണ് കാണാതായത്.വ്യാഴാഴ്ച രാത്രിയിലാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ഓഫീസ് മുറിയുടെ ജനൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അതീവ സുരക്ഷയുള്ള സ്ട്രോങ് റൂമിൽ മോഷണം നടന്നത് പരീക്ഷാ നടത്തിപ്പിലെ ഗുരുതരമായ സുരക്ഷാവീഴ്ചയാണ്. സംഭവത്തിൽ കടുത്ത വീഴ്ച സംഭവിച്ചതായി വിലയിരുത്തിയ വൈസ് ചാൻസലർ പരീക്ഷാ കൺട്രോളർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.