കൊടുവള്ളി: വാച്ച് മോഷ്ടിച്ചെന്ന് ആരോപിച്ച് കിഴക്കോത്ത് 12 വയസുകാരനായ വിദ്യാർഥിക്കുനേരേ ബന്ധുക്കളുടെ ക്രൂരപീഡനം. കൈകാലുകൾ കൂട്ടിക്കെട്ടി ക്രൂരമായി മർദിച്ചശേഷം മുറിവുകളിലും സ്വകാര്യ ഭാഗങ്ങളിലും മുളക് പുരട്ടുകയും കണ്ണിൽ മുളകുവെള്ളമൊഴിക്കുകയുമായിരുന്നു. കാൽനഖത്തിൽ ഈർക്കിലും കൈനഖത്തിൽ ടൂത്ത് പിക്കും കുത്തിക്കയറ്റി. അടച്ചിട്ട മുറിയിൽനിന്ന് രാത്രി സാഹസികമായി പുറത്തുകടന്ന് റോഡിലെത്തിയ കുട്ടിയെ വഴിയാത്രക്കാരൻ പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
കൊടുവള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ ഓഗസ്റ്റ് ആറിനായിരുന്നു സംഭവം നടന്നത്. കുട്ടി ബന്ധുവിന്റെ വാച്ച് മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു പീഡനം. കുട്ടിയെ വീട്ടിൽനിന്ന് വിളിച്ചുകൊണ്ടുപോയി ബന്ധുവീട്ടിലെ മുറിയിൽ അടച്ചിട്ട് മർദിക്കുകയായിരുന്നു. കൈകാലുകൾ കെട്ടിയതിന്റെ മുറുക്കം കുറഞ്ഞപ്പോൾ രാത്രി 11ന് കുട്ടി കെട്ടഴിച്ച് ടെറസിനോട് ചേർന്ന കവുങ്ങിലൂടെ ഊർന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു. മോഷണംപോയെന്നു പറഞ്ഞ വാച്ച് പിന്നീട് കണ്ടെത്തുകയും ചെയ്തു.
സംഭവം കോഴിക്കോട് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) അന്വേഷണം നടത്തി നടപടിയെടുക്കാൻ റൂറൽ എസ്പിക്ക് നിർദേശം നൽകി. കുട്ടിയെ പീഡിപ്പിച്ച പിതൃസഹോദരൻ, ഇയാളുടെ ഭാര്യ, മകൻ എന്നിവരുടെപേരിൽ കൊടുവള്ളി പോലീസ് കേസെടുത്തു. മർദിച്ചതിനും ആയുധങ്ങളുപയോഗിച്ച് ഗുരുതര പരിക്കേൽപ്പിച്ചതിനും അന്യായമായി തടങ്കലിൽവച്ചതിനും ഉൾപ്പെടെ ബാലനീതി നിയമപ്രകാരമുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരേ ചുമത്തിയത്.
പിതാവിനും രണ്ടാനമ്മയ്ക്കുമൊപ്പമാണ് കുട്ടി താമസം. കുട്ടിക്കും കുടുംബത്തിനും കൗൺസലിംഗ് നൽകിയശേഷം കുട്ടിയെ സിഡബ്ല്യുസിയുടെ താത്കാലിക സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി.

