തലശ്ശേരിയില്‍ സ്വകാര്യ ആശുപത്രിയിലെ നഴ്സ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍; ആത്മഹത്യ ചെയ്തത് കൊല്ലം സ്വദേശിനിയായ ഇരുപത്തിയഞ്ചുകാരി

തലശ്ശേരിയില്‍ സ്വകാര്യ ആശുപത്രിയിലെ നഴ്സ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍; ആത്മഹത്യ ചെയ്തത് കൊല്ലം സ്വദേശിനിയായ ഇരുപത്തിയഞ്ചുകാരി



കണ്ണൂര്‍ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തുവരികയായിരുന്ന യുവ നഴ്സിനെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം അഷ്ടമുടി സ്വദേശിനിയായ അലീന സാബുവിനെയാണ് (25) വ്യാഴാഴ്ച രാത്രി എട്ടരയോടെ തലശ്ശേരി ടെമ്പിള്‍ ഗേറ്റിലെ വനിതാ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് 'മരണത്തിന് ആരും ഉത്തരവാദിയല്ല' എന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.

സ്വന്തം നാട്ടിലേക്ക് പോയിരുന്ന അലീന ബുധനാഴ്ച വൈകിട്ടാണ് തിരിച്ചെത്തിയത്. വ്യാഴാഴ്ച രാത്രിയായിട്ടും മുറിയില്‍നിന്ന് പ്രതികരണമൊന്നും ലഭിക്കാതെ വന്നതോടെ സഹനിവാസികള്‍ അലീനയെ ഫോണിലും നേരിട്ടും പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചു. വാതില്‍ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നതിനാല്‍ സംശയം തോന്നിയ ഹോസ്റ്റല്‍ അധികൃതരും മറ്റുള്ളവരും ചേര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്തുകടന്നപ്പോഴാണ് അലീനയെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

തുടര്‍ന്ന് വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ തലശ്ശേരി പോലീസ് പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ അഞ്ചു വര്‍ഷമായി തലശ്ശേരിയില്‍ താമസിക്കുന്ന അലീന, ഇവിടെ നാലുവര്‍ഷത്തെ നഴ്സിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷം കഴിഞ്ഞ ഒരുവര്‍ഷമായി സ്വകാര്യ ആശുപത്രിയില്‍ നഴ്സായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.