കരുവാറ്റയിലെ 67കാരന്റെ കൊലപാതകത്തിന് പിന്നില്‍ എട്ടാം ക്ലാസുകാരിയെന്ന് ഉറപ്പിച്ചിട്ടും പ്രതികളായ കൗമാരക്കാര്‍ പിടിയിലാകുന്നതുവരെ കാത്തിരുന്നു; അന്വേഷണം സ്വന്തം പിതാവിലേക്കു വഴിതിരിച്ചു വിടാനും പെണ്‍കുട്ടിയുടെ ശ്രമം; പിടിക്കപ്പെട്ടാലും വലിയ ശിക്ഷ കിട്ടില്ലെന്ന് അവളുടെ വാക്ക്; അന്വേഷണം വഴിതെറ്റിക്കാന്‍ 'പ്ലാന്‍ ബി'; കുരുക്കായത് വാട്സ്ആപ്പ് ചാറ്റുകള്‍

കരുവാറ്റയിലെ 67കാരന്റെ കൊലപാതകത്തിന് പിന്നില്‍ എട്ടാം ക്ലാസുകാരിയെന്ന് ഉറപ്പിച്ചിട്ടും പ്രതികളായ കൗമാരക്കാര്‍ പിടിയിലാകുന്നതുവരെ കാത്തിരുന്നു; അന്വേഷണം സ്വന്തം പിതാവിലേക്കു വഴിതിരിച്ചു വിടാനും പെണ്‍കുട്ടിയുടെ ശ്രമം; പിടിക്കപ്പെട്ടാലും വലിയ ശിക്ഷ കിട്ടില്ലെന്ന് അവളുടെ വാക്ക്; അന്വേഷണം വഴിതെറ്റിക്കാന്‍ 'പ്ലാന്‍ ബി'; കുരുക്കായത് വാട്സ്ആപ്പ് ചാറ്റുകള്‍


ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് കരുവാറ്റയില്‍ 67-കാരനെ അടുത്ത ബന്ധുവായ എട്ടാം ക്ലാസുകാരിയും മൂന്ന് കൗമാരക്കാരായ ആണ്‍സുഹൃത്തുക്കളും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി സ്വര്‍ണം കവര്‍ന്ന കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. വീട്ടില്‍നിന്ന് കാണാതായ എട്ടാം ക്ലാസുകാരിയായ പെണ്‍കുട്ടിയാണ് കുറ്റകൃത്യത്തിന് പിന്നിലെന്ന് കൃത്യമായി ഉറപ്പിച്ചിട്ടും, കൃത്യത്തില്‍ പങ്കാളികളായ കൗമാരക്കാര്‍ പിടിയിലാകുന്നതുവരെ തികഞ്ഞ ജാഗ്രതയോടെയാണ് പോലീസ് കാത്തിരുന്നത്. ആഭ്യന്തരമന്ത്രിയുടെ നാട്ടില്‍ നടക്കുന്ന അന്വേഷണമായതിനാല്‍ പോലീസിന് ചെറിയൊരു കൈപ്പിഴ ഉണ്ടായാല്‍പ്പോലും വലിയ പ്രത്യാഘാതമുണ്ടാകുമെന്ന കടുത്ത സമ്മര്‍ദ്ദം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുണ്ടായിരുന്നു. അതിനാല്‍ത്തന്നെ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ കുട്ടിയുടെ നീക്കങ്ങള്‍ അതിരഹസ്യമായി നിരീക്ഷിക്കുകയും, സംശയം തോന്നാത്ത രീതിയില്‍ വിവരങ്ങള്‍ ചോദിച്ചറിയുകയുമായിരുന്നു.

തിങ്കളാഴ്ച രാവിലെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. താന്‍ ശനിയാഴ്ച രാവിലെ വീട്ടില്‍നിന്ന് പിണങ്ങി പുറത്തുപോയെന്നും, അടുത്ത ദിവസം രണ്ടുതവണ തിരിച്ചെത്തി മുത്തച്ഛനെ അന്വേഷിച്ചെന്നും, പിന്നീട് കൂട്ടുകാരന്റെ വീട്ടിലാണ് താമസിച്ചതെന്നുമാണ് പെണ്‍കുട്ടി ആദ്യം പോലീസിന് മൊഴി നല്‍കിയത്. ഇതിനുശേഷം കുടുംബത്തോടൊപ്പം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവത്തിന് പ്രവേശിപ്പിച്ച ബന്ധുവിന് കൂട്ടിരിക്കാന്‍ പോയ പെണ്‍കുട്ടിയെ, അവിടെയെത്തിയ വനിതാ പോലീസ് ഉദ്യോഗസ്ഥ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഫോണ്‍ കോളുകളും കൂട്ടുകാരികളില്‍ നിന്നുള്ള വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ കൊല്ലത്തുള്ള ആണ്‍സുഹൃത്തുക്കളെക്കുറിച്ച് നിര്‍ണായക സൂചനകള്‍ ലഭിക്കുകയും പോലീസ് പരവൂരിലെത്തി ഇവരെ തിരിച്ചറിയുകയുമായിരുന്നു.

പിടിയിലാകുന്ന സാഹചര്യമുണ്ടായാല്‍ പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതികള്‍ മുന്‍കൂട്ടി കൃത്യമായ ഒരു 'പ്ലാന്‍ ബി' തിരക്കഥ തയ്യാറാക്കിയിരുന്നു. പെണ്‍കുട്ടിക്ക് വയറ്റില്‍ മുഴയുണ്ടെന്നും ഇതിന്റെ ശസ്ത്രക്രിയയ്ക്ക് മരുന്ന് നല്‍കാനും പണം നല്‍കാനുമാണ് തങ്ങള്‍ ഹരിപ്പാട്ടെത്തിയതെന്ന് പറയണമെന്നാണ് ഇവര്‍ പരസ്പരം തീരുമാനിച്ചിരുന്നത്. ഹരിപ്പാട് പോലീസ് പ്രത്യേക അന്വേഷണ സംഘം മൂന്ന് വ്യത്യസ്ത കേന്ദ്രങ്ങളില്‍ നിന്നാണ് മൂന്ന് ആണ്‍കുട്ടികളെയും ഒരേസമയം കസ്റ്റഡിയിലെടുത്തത്. പരസ്പരം ബന്ധപ്പെടാന്‍ സമയം ലഭിക്കാതിരുന്നിട്ടും മൂവരും പോലീസിന് മുന്നില്‍ ഒരേ കഥ ആവര്‍ത്തിച്ചെങ്കിലും, പെണ്‍കുട്ടിയുടെ മൊബൈലിലെ വാട്‌സ്ആപ്പ് ചാറ്റുകളും ഫോണ്‍ സംഭാഷണങ്ങളും ഓഡിയോ സന്ദേശങ്ങളും നിരത്തി ചോദ്യം ചെയ്തതോടെ ഇവരുടെ പദ്ധതി തകരുകയും കുറ്റം സമ്മതിക്കുകയുമായിരുന്നു.

പ്ലസ് ടു കാരനായ ഒന്നാം പ്രതിയെ പോലീസ് സമീപിച്ചത് പെണ്‍കുട്ടി കുറ്റസമ്മതം നടത്തിയെന്ന് പറഞ്ഞാണ്. ഇയാള്‍ വീട്ടുകാരുടെ സാന്നിധ്യത്തില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇതിന് ശേഷമാണ് വണ്ടാനം മെഡിക്കല്‍ കോളേജില്‍വച്ച് പെണ്‍കുട്ടിയെ മാറ്റിനിര്‍ത്തി വനിതാ പോലീസ് ഉദ്യോഗസ്ഥ വിശദമായി ചോദ്യം ചെയ്തതും കുറ്റകൃത്യത്തിലെ പങ്കാളിത്തം പെണ്‍കുട്ടി ഏറ്റുപറഞ്ഞതും. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ മോഷണം ആസൂത്രണം ചെയ്തതും ബന്ധുവിനെ കൊലപ്പെടുത്തണമെന്ന് ആണ്‍സുഹൃത്തിന് കര്‍ശന നിര്‍ദേശം നല്‍കിയതും താനാണെന്ന് പെണ്‍കുട്ടി സമ്മതിച്ചു. കൂടാതെ, താന്‍ ഉന്നയിച്ച ബാഡ് ടച്ച് ആരോപണത്തിന്റെ പശ്ചാത്തലത്തിലും, പിതാവും കൊല്ലപ്പെട്ടയാളും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്ന് വരുത്തിതീര്‍ത്തും കൊലപാതകത്തിന്റെ ഉത്തരവാദിത്തം സ്വന്തം പിതാവിലേക്ക് വഴിതിരിച്ചുവിടാനും പെണ്‍കുട്ടി ശ്രമിച്ചിരുന്നു.

പിടിക്കപ്പെട്ടാലും തങ്ങള്‍ക്ക് വലിയ ശിക്ഷ ലഭിക്കില്ലെന്ന് പെണ്‍കുട്ടി മറ്റു മൂന്ന് കൗമാരക്കാരെയും വിശ്വസിപ്പിച്ചിരുന്നു. ക്രൂരമായ കൊലപാതകത്തിന് ശേഷം വീട്ടില്‍നിന്ന് ബോഡി സ്‌പ്രേ മോഷ്ടിച്ച പ്രതികള്‍, നാട്ടിലെത്തി സാധാരണപോലെ സുഹൃത്തുക്കളുടെ വീടുകളില്‍ താമസിക്കുകയായിരുന്നു. പ്രതികള്‍ രാസലഹരി ഉപയോഗിക്കുന്നവരാണോ എന്നും പോലീസ് ശക്തമായി പരിശോധിക്കുന്നുണ്ട്. ഇത്രയും ക്രൂരമായ കൊലപാതകം നടത്തിയത് ലഹരിയുടെ സ്വാധീനത്തിലാണോ എന്ന സംശയത്തില്‍, ഇവരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച് എന്‍.ഡി.പി.എസ് കേസുകളുമായി ബന്ധമുള്ളവരെ വിളിട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്. ഇതിനിടെ കൊല്ലപ്പെട്ടയാളുടെ വീട്ടില്‍നിന്ന് പ്രതികള്‍ മോഷ്ടിച്ച ബോഡി സ്‌പ്രേ പോലീസ് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ തൊണ്ടിയായി ഹാജരാക്കുകയും ചെയ്തു.

കൃത്യം നടന്നതിന്റെ പിറ്റേ ദിവസം (16-ന്) മൂന്ന് ആണ്‍കുട്ടികളും യാതൊരു ഭാവവ്യത്യാസവുമില്ലാതെ മറ്റൊരു ആവശ്യത്തിനായി കൊല്ലം പാരിപ്പള്ളി പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നതായി കണ്ടെത്തിയിരുന്നു. കരുവാറ്റയില്‍നിന്ന് കവര്‍ന്ന 3 പവന്റെ സ്വര്‍ണമാല പണയം വെക്കാനായി ഇവര്‍ പരവൂര്‍ കല്ലുങ്കുന്ന് സ്വദേശിയായ സുഹൃത്തിനെ ഏല്‍പ്പിച്ചിരുന്നു. ഇതേദിവസം പാരിപ്പള്ളി സ്വദേശിനിയായ 19-കാരി ഈ സുഹൃത്തിനൊപ്പം വീടുവിട്ടിറങ്ങിയ പരാതിയില്‍ സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോഴാണ് പ്രതികളും ഇവര്‍ക്കൊപ്പം പോലീസിന് മുന്നിലെത്തിയത്. തുടര്‍ന്ന്, സുഹൃത്തിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്ത സ്വര്‍ണമാല അമ്മയുടെ ചികിത്സയ്ക്ക് പണയം വെക്കാന്‍ നല്‍കിയതാണെന്നാണ് പ്രതികള്‍ പറഞ്ഞതെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കി.

കസ്റ്റഡിയിലെടുക്കുമ്പോഴും ചോദ്യം ചെയ്യലിലും പിന്നീട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയപ്പോഴും യാതൊരു കൂസലുമില്ലാതെയാണ് പ്രതികള്‍ പെരുമാറിയത്. പ്രതികള്‍ കുട്ടികളായതിനാല്‍ ചോദ്യം ചെയ്യലിലും കസ്റ്റഡിയിലെടുക്കുന്നതിലും നിയമപരമായ കടുത്ത നിയന്ത്രണങ്ങളുണ്ടായിരുന്നു. ബലപ്രയോഗം പാടില്ലെന്നും നൂറു ശതമാനം കുറ്റം ഉറപ്പുവരുത്തിയ ശേഷം മാത്രമേ കസ്റ്റഡി നടപടികളിലേക്ക് കടക്കാവൂ എന്നും ഡി.ഐ.ജിയും ജില്ലാ പോലീസ് മേധാവിയും നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, പെണ്‍കുട്ടിയെ കൂടുതല്‍ വിശകലനം ചെയ്യുന്നതിനായി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഉള്‍പ്പെടുന്ന മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

സാമൂഹികനീതി വകുപ്പിന്റെ സംരക്ഷണകേന്ദ്രത്തില്‍ താമസിപ്പിച്ചിരുന്ന പെണ്‍കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ ശേഷം വീണ്ടും സംരക്ഷണകേന്ദ്രത്തിലേക്ക് അയച്ചു. മറ്റു മൂന്ന് ആണ്‍കുട്ടികളെ ആണ്‍കുട്ടികളുടെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. നാലുപേരെയും കസ്റ്റഡിയില്‍ ലഭിക്കുന്നതിനായുള്ള പോലീസിന്റെ അപേക്ഷ ശനിയാഴ്ച ബോര്‍ഡ് പരിഗണിക്കും. പെണ്‍കുട്ടി ഉയര്‍ത്തിയ ലൈംഗിക അതിക്രമ ആരോപണത്തില്‍ കുടുംബാംഗങ്ങളില്‍നിന്ന് വിശദമായ മൊഴിയെടുക്കും. കൊലപാതകം നേരിട്ട് നടത്തിയ മൂന്ന് ആണ്‍കുട്ടികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് പൂര്‍ത്തിയാക്കി ഒരു മാസത്തിനുള്ളില്‍ അതിവേഗം കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസ് ഒരുങ്ങുന്നത്.

കേസില്‍ പിടിയിലായ പതിമൂന്നുകാരിയായ പെണ്‍കുട്ടിക്ക് നിയമപ്രകാരം ലഭിക്കാവുന്ന പരമാവധി ശിക്ഷ 3 വര്‍ഷം സംരക്ഷണകേന്ദ്രത്തിലെ താമസമാണ്. 16-ഉം 17-ഉം വയസ്സുള്ള മറ്റു 3 ആണ്‍കുട്ടികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണ നടത്തിയാല്‍പ്പോലും അവര്‍ക്ക് വധശിക്ഷയോ ജീവപര്യന്തമോ വിധിക്കാന്‍ നിയമപരമായി സാധിക്കില്ല. ഇവര്‍ക്ക് തടവുശിക്ഷ വിധിച്ചാലും 21 വയസ്സ് പൂര്‍ത്തിയാകുന്നത് വരെ സംരക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിക്കുകയും, അതിനുശേഷം ശിക്ഷാകാലാവധി ബാക്കിയുണ്ടെങ്കില്‍ മാത്രം ജയിലിലേക്ക് മാറ്റുകയുമാണ് ചെയ്യുക. അപരാധം ചെയ്ത കുട്ടികളുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്ന ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് പരമാവധി മൂന്ന് വര്‍ഷത്തെ സംരക്ഷണ കേന്ദ്ര വാസമാണ് വിധിക്കാന്‍ സാധിക്കുന്നത്.

എങ്കിലും, 16 മുതല്‍ 18 വരെയുള്ള പ്രായപരിധിയിലുള്ളവര്‍ ക്രൂരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ അവരെ മുതിര്‍ന്നവരായി കണ്ട് കുട്ടികളുടെ കോടതിയില്‍ (Children's Court) വിചാരണ ചെയ്യാന്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് ശുപാര്‍ശ ചെയ്യാം. കുട്ടികള്‍ ഉള്‍പ്പെടുന്ന ഗുരുതര കേസുകളില്‍ ഒരു മാസത്തിനകം കുറ്റപത്രം നല്‍കണമെന്നും മൂന്നു മാസത്തിനകം വിചാരണ എവിടെ വേണമെന്ന് ബോര്‍ഡ് തീരുമാനിക്കണമെന്നുമാണ് ചട്ടം. കരുവാറ്റ കേസില്‍ കൊലപാതകം നടത്തിയത് 16-ഉം 17-ഉം വയസ്സുള്ളവരായതിനാല്‍, ഇവരെ മുതിര്‍ന്ന കുറ്റവാളികളായി പരിഗണിച്ച് വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസ് ബോര്‍ഡിന് അപേക്ഷ നല്‍കിയിട്ടുണ്ട്.