ആദ്യം അപകടമെന്ന് കരുതി; വീൽചെയർ കണ്ട് പൊലീസിന് തോന്നിയ സംശയം; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോൾ പുറത്തുവന്നത് കൊലപാതകം; രോഗിയായ അമ്മയെ ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊന്ന് മകന്‍; ക്രൂരതക്ക് പിന്നിൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടും കുടുംബപ്രശ്നങ്ങളും

ആദ്യം ഇതൊരു അപകടമാണെന്നാണ് കരുതിയതെങ്കിലും, സംഭവസ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വീല്‍ചെയര്‍ കണ്ടെത്തിയതോടെ പൊലീസിന് സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വില്‍ചെയറിലിരുന്ന അമ്മയെ ട്രെയിനിന് മുന്നിലേക്ക് പാര്‍ത്ഥസാരഥി തള്ളിയിടുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളും കുടുംബപ്രശ്‌നങ്ങളുമാണ് തന്നെ ഈ കൃത്യത്തിലേക്ക് നയിച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.
പദ്മാവതിക്ക് ന്യൂറോഫൈബ്രോമാറ്റോസിസ് എന്ന രോഗമുണ്ടായിരുന്നു. അവരെയും ശാരീരിക ബുദ്ധിമുട്ടുകളുള്ള സഹോദരനെയും പരിപാലിക്കേണ്ട ഉത്തരവാദിത്തം പാര്‍ത്ഥസാരഥിക്കായിരുന്നു. ഭാര്യയും മക്കളുമായി അകന്നു കഴിയുന്ന ഇയാള്‍ക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പളം 12,000 രൂപ മാത്രമാണ്. ഈ തുകകൊണ്ട് കുടുംബം പുലര്‍ത്താന്‍ സാധിച്ചിരുന്നില്ല. ചൊവ്വാഴ്ച വൈകുന്നേരം, സംസാരശേഷിയില്ലാത്ത അമ്മയെ വീല്‍ചെയറില്‍ ഇരുത്തി ഇയാള്‍ റെയില്‍വേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിലെത്തിക്കുകയായിരുന്നു.
യലഗിരി എക്‌സ്പ്രസ് പാഞ്ഞുവന്നപ്പോള്‍ അമ്മയെ വീല്‍ചെയറോടെ പാളത്തിലേക്ക് തള്ളിയിടുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ പദ്മാവതി മരിച്ചു. പദ്മാവതിക്ക് മൂന്ന് മക്കളാണുള്ളത്. മൂത്ത മകൻ അസുഖബാധിതനായി പാര്‍ത്ഥസാരഥിക്കും അമ്മയ്ക്കുമൊപ്പം വീട്ടില്‍ കഴിയുകയാണ്. രണ്ടാമത്തെ മകന്‍ വിവാഹം കഴിച്ച് മാറിത്താമസിക്കുന്നു. കടുത്ത മദ്യപാനിയായ പാര്‍ത്ഥസാരഥിയുടെ അടുത്തു നിന്നും ഭാര്യയും മക്കളും പിരിഞ്ഞുപോയിരിക്കുകയാണ്. തന്റെ ബുദ്ധിമുട്ടുകള്‍ സഹിക്കവയ്യാതെയാണ് ഇത്തരമൊരു കടുത്ത തീരുമാനമെടുത്തതെന്ന് വ്യക്തമാക്കിയ പ്രതിയെ കൊലപാതക കുറ്റത്തിന് കേസെടുത്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
