
പയ്യന്നൂര്‍: ഓണം വിപണി സജീവമായിരിക്കെ പയ്യന്നൂരിലെ തുണിക്കടയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം. പയ്യന്നൂര്‍ സെന്റ് മേരീസ് സ്‌കൂളിന് മുന്നിലെ സിറ്റി സെന്റര്‍ വ്യാപാര സമുച്ചയത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന 'മിയോറ ടെക്‌സ്‌റ്റൈല്‍സ്' എന്ന സ്ഥാപനത്തിലാണ് ബുധനാഴ്ച വൈകുന്നേരം 4.20-ഓടെ തീപിടിത്തമുണ്ടായത്. കാസര്‍ഗോഡ് സ്വദേശി വി.കെ. സിദ്ധിഖിന്റെ ഉടമസ്ഥതയിലുള്ളതാണ് കട.
ഓണവിപണി ലക്ഷ്യമിട്ട് എത്തിച്ച വന്‍ വസ്ത്രശേഖരവും കടയിലുണ്ടായിരുന്ന ബാഗ്, മേശയില്‍ സൂക്ഷിച്ചിരുന്ന കറന്‍സി, മൊബൈല്‍ ഫോണുകള്‍ എന്നിവയും പൂര്‍ണ്ണമായും കത്തിനശിച്ചു. പയ്യന്നൂര്‍ പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തീ പടര്‍ന്നുപിടിച്ചതോടെ സമീപത്തെ മറ്റ് സ്ഥാപനങ്ങളിലേക്കും അപകടം വ്യാപിക്കുമെന്ന ഭീതിയുയര്‍ന്നെങ്കിലും, ഫയര്‍ഫോഴ്‌സ് സംഘത്തിന്റെ കാര്യക്ഷമമായ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി. ഫയര്‍ഫോഴ്‌സ് വേഗത്തില്‍ തീയണച്ചതിനാല്‍ സമീപത്തെ കടകളിലേക്ക് തീ പടരുന്നത് തടയാനായി. ടവീൃ േരശൃരൗശ േ(ഇലക്ട്രിക്കല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്) ആണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഓണക്കാലത്ത് വ്യാപാര സ്ഥാപനങ്ങളില്‍ വര്‍ദ്ധിച്ച വൈദ്യുതി ഉപയോഗമുള്ളതിനാല്‍ വയറിംഗുകളും മറ്റ് ഉപകരണങ്ങളും കൃത്യമായി പരിശോധിക്കണമെന്ന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ അധികൃതര്‍ നിര്‍ദ്ദേശിച്ചു.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ പി.വി. ദയാല്‍, വി.കെ. നിഷാന്ത്, ഓഫീസര്‍മാരായ യു. വിനീഷ്, പി.പി. രാഹുല്‍, പി.പി. ജിഷ്ണുദേവ, എസ്. ജോബി, എം.എസ്. അഖില്‍, അരുണ്‍ നമ്പ്യാര്‍, ജോബിമോന്‍ ജോര്‍ജ്, യു.എസ്. അഭിലാഷ, ഹോം ഗാര്‍ഡുമാരായ കെ. മധുസൂദനന്‍, എന്‍.വി. ശ്രീജേഷ്, വി.എന്‍. രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്.
