കൊച്ചിയിൽ വൻ മയക്കുമരുന്ന് ശേഖരവുമായി യുവാവ് പിടിയിൽ; സെക്കൻ്റ് ഹാൻ്റ് വാഹനങ്ങൾ വിൽക്കുന്ന കടയുടെ മറവിൽ ലഹരി കച്ചവടം
<p>കൊച്ചി: ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വൻ രാസലഹരി ശേഖരവുമായി മലപ്പുറം സ്വദേശിയെ കൊച്ചി സിറ്റി പോലീസ് പിടികൂടി. മലപ്പുറം തിരുവാലി കൊട്ടാര സ്വദേശി കുപ്പാത് വീട്ടിൽ സിറാജുദ്ദീൻ (31) ആണ് 25.360 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്.</p><p>തൈക്കൂടം കനാൽ റോഡിന് സമീപമുള്ള വാടകവീട്ടിൽ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. തൈക്കൂടത്ത് സൗകര്യപൂർവ്വം നടത്തിയിരുന്ന '24 മണിക്കൂർ കട'യുടെ മറവിലാണ് ഇയാൾ രാസലഹരി കച്ചവടം നടത്തിവന്നിരുന്നത്. സെക്കൻഡ് ഹാൻഡ് വാഹനക്കച്ചവടത്തിന്റെ പേരിൽ അന്യസംസ്ഥാനങ്ങളിൽ നിന്നു വാഹനം വാങ്ങാൻ പോകുന്നതിന്റെ മറവിലാണ് ഇയാൾ ലഹരിമരുന്ന് കേരളത്തിലേക്ക് കടത്തിയിരുന്നത്. പ്രതിയെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ദിവസങ്ങളായി പോലീസ് സംഘം ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.</p><p>കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം ഡിസിപി-മാരായ അശ്വതി ജിജി, അരുൺ കെ. പവിത്രൻ എന്നിവരുടെ മേൽനോട്ടത്തിലാണ് പരിശോധന നടന്നത്. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ലഹരി വിതരണ ശൃംഖലയെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.