കേരളത്തിന് കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്‍റെ പുരസ്‌കാരം; വ്യവസായ വകുപ്പിന് വേണ്ടി കെബിപ്പ് ഏറ്റുവാങ്ങും

കേരളത്തിന് കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്‍റെ പുരസ്‌കാരം; വ്യവസായ വകുപ്പിന് വേണ്ടി കെബിപ്പ് ഏറ്റുവാങ്ങും


തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പ്രധാൻ മന്ത്രി ഭക്ഷ്യ സംസ്‌കരണ സംരംഭ രൂപവൽക്കരണ പദ്ധതി (പിഎംഎഫ്എംഇ) നിർവഹണത്തിലെ മികച്ച പ്രകടനത്തിന് കേരളത്തിന് പുരസ്‌കാരം. പദ്ധതിയിൽ സംസ്ഥാനത്തെ 10,000 സംരംഭകർക്ക് വായ്പ ലഭ്യമാക്കുന്നതിനാണ് കേന്ദ്ര സർക്കാർ പദ്ധതി തയ്യാറാക്കിയത്. എന്നാൽ സംസ്ഥാന വ്യവസായ വകുപ്പ് ഇതുവരെ 10,175 സംരംഭകർക്ക് വായ്പ അനുവദിച്ചു നൽകി.</p><p>പിഎംഎഫ്എംഇ പദ്ധതി പ്രകാരം സ്വയം സഹായ സംഘാംഗങ്ങൾക്കുള്ള സീഡ് ക്യാപിറ്റൽ ധന സഹായം മറ്റ് ആനുകൂല്യങ്ങൾ കുടുംബശ്രീ മിഷൻ (സ്റ്റേറ്റ് റൂറൽ ലൈവലി ഹുഡ് മിഷൻ (SRLM)/സ്റ്റേറ്റ് അർബൻ ലൈവിലിഹുഡ് മിഷൻ (SULM)) മുഖേന നൽകി വരുന്നു. സംസ്ഥാന ഗ്രാമീണ ഉപജീവന മിഷൻ (SRLM) ഇതുവരെ 6,297 അംഗങ്ങൾക്ക് 19.60 കോടി രൂപ അനുവദിച്ചു. സംസ്ഥാന നഗര ഉപജീവന മിഷൻ (SULM) ഇതുവരെ 1,060 അംഗങ്ങൾക്ക് 3.90 കോടി രൂപ അനുവദിച്ചു.</p><p>കേരള കാർഷിക സർവകലാശാലയുടെ വെള്ളാനിക്കര അഗ്രി ബിസിനസ് ഇൻകുബേറ്ററിൽ, അരി, പഴങ്ങൾ, പച്ചക്കറികൾ, സുഗന്ധവ്യഞ്ജന സംസ്‌കരണം എന്നിവയ്ക്കായി കേന്ദ്ര സർക്കാരിന്റെ ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ 2.75 കോടി രൂപയുടെ സാമ്പത്തിക സഹായത്തോടെ ഒരു കോമൺ ഇൻകുബേഷൻ സെന്റർ കഴിഞ്ഞ വർഷം സ്ഥാപിച്ചു.</p><p>കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാറുമായി സഹകരിച്ച് 60:40 എന്ന അനുപാതത്തിലാണ് പി.എം.എഫ്.എം.ഇ പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് നോഡൽ ഡിപ്പാർട്‌മെന്റായും കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ (കെബിപ്പ്) സംസ്ഥാന നോഡൽ ഏജൻസിയായും പ്രവർത്തിക്കുന്നു. ആഗസ്റ്റ് 24, 25 തീയതികളിൽ ഡൽഹിയിൽ സംഘടിപ്പിക്കുന്ന പി.എം.എഫ്.എം.ഇ കോൺക്ലേവിൽ സംസ്ഥാനത്തിന് വേണ്ടി വ്യവസായ വാണിജ്യ ഡയറക്ടറും കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും പുരസ്‌കാരം ഏറ്റുവാങ്ങും.