സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത കുട്ടികളോട് ‘പാകിസ്താനിലേക്ക് പോകണം’ എന്ന് പറഞ്ഞ സ്കൂൾ ചെയർമാൻ; ഒടുവിൽ ഖേദ പ്രകടനം

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത കുട്ടികളോട് ‘പാകിസ്താനിലേക്ക് പോകണം’ എന്ന് പറഞ്ഞ സ്കൂൾ ചെയർമാൻ; ഒടുവിൽ ഖേദ പ്രകടനം 


തൃശൂർ: സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ ഒടുവിൽ ഖേദം പ്രകടിപ്പിച്ച് മാള രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂൾ ചെയർമാൻ ഡോ. രാജു ഡേവിസ്. തന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദിക്കുന്നുവെന്നും എല്ലാവരും ഒരുമിച്ച് മുന്നോട്ട് പോകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. (Thrissur school controversy)

സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഴുവൻ വിദ്യാർഥികളും നിർബന്ധമായും പങ്കെടുക്കണമെന്ന് നേരത്തെ സ്കൂൾ അധികൃതർ നിർദേശം നൽകിയിരുന്നു. എന്നാൽ വിവിധ കാരണങ്ങളാൽ ചടങ്ങിൽ പങ്കെടുക്കാതിരുന്ന കുട്ടികളെ ലക്ഷ്യമിട്ട് ചെയർമാൻ രക്ഷിതാക്കളുടെ വാട്സാപ് ഗ്രൂപ്പിൽ നടത്തിയ പരാമർശമാണ് വിവാദമായത്. ചടങ്ങിൽ പങ്കെടുക്കാത്തവരെ രാജ്യദ്രോഹികളെന്ന് വിശേഷിപ്പിക്കുകയും വീട്ടിലിരിക്കുന്നവർ പാകിസ്താനിലേക്ക് പോകണമെന്നുമായിരുന്നു സന്ദേശത്തിലെ പരാമർശം.

തുടർന്ന് പുറത്തുവന്ന മറ്റൊരു സന്ദേശത്തിലും സമാനമായ പരാമർശം ആവർത്തിച്ചതോടെ രക്ഷിതാക്കൾക്കിടയിൽ പ്രതിഷേധം ശക്തമായി. സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്തതിന്റെ പേരിൽ കുട്ടികളെ ക്ലാസിൽ പ്രവേശിപ്പിക്കില്ലെന്ന തരത്തിലുള്ള മുന്നറിയിപ്പും നൽകിയതായി ആരോപണമുണ്ട്. വിവാദം ശക്തമായതിന് പിന്നാലെയാണ് ചെയർമാൻ വിശദീകരണവുമായി രംഗത്തെത്തിയത്. ആരെയും അധിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെയല്ല പരാമർശം നടത്തിയതെന്നും തന്റെ വാക്കുകൾ ആരെയെങ്കിലും ദുഃഖിപ്പിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തോടുള്ള സ്നേഹവും മതനിരപേക്ഷതയും സംബന്ധിച്ച് തനിക്ക് വ്യക്തമായ നിലപാടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കുട്ടികളെയും കുടുംബങ്ങളെയും രാജ്യസ്നേഹത്തിന്റെ പേരിൽ അധിക്ഷേപിച്ച സംഭവത്തിൽ രക്ഷിതാക്കളും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തതിനെ രാജ്യസ്നേഹവുമായി ബന്ധപ്പെടുത്തുന്നത് ശരിയല്ലെന്നും സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് ഇടപെട്ട് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.