കോക്രോച്ച് പേടി', മദ്യപിച്ച് ലക്കില്ലാതെ ക്ലാസ് മുറിയിൽ കിടന്നുറങ്ങിയ പ്രധാനാധ്യാപകന് സസ്പെൻഷൻ; സംഭവം മഹാരാഷ്ട്രയിൽ

കോക്രോച്ച് പേടി', മദ്യപിച്ച് ലക്കില്ലാതെ ക്ലാസ് മുറിയിൽ കിടന്നുറങ്ങിയ പ്രധാനാധ്യാപകന് സസ്പെൻഷൻ; സംഭവം മഹാരാഷ്ട്രയിൽ


മുംബൈ: മദ്യപിച്ച് ബോധമില്ലാതെ ക്ലാസ് മുറിയിൽ ബോധരഹിതനായി കിടന്നുറങ്ങിയ പ്രധാനാധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യഭ്യാസ വകുപ്പ്. മഹാരാഷ്ട്രയിലെ സംഭാജിനഗറിലാണ് ജില്ലാ പഞ്ചായത്ത് പ്രൈമറി സ്കൂളിലെ പ്രധാനാധ്യാപകനായ വിനോദ് കട്‌കെക്കെതിരെ വിദ്യാഭ്യാസ വകുപ്പ് കർശന നടപടിയെടുത്തത്. സിജെപി രാജ്യവ്യാപകമായി നടത്തുന്ന 'സ്കൂൾ നന്നാക്കൂ' എന്ന ക്യാമ്പയിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞത്. അധ്യാപകൻ മദ്യലഹരിയിൽ ബോധമില്ലാതെ കിടന്നുറങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ജില്ലാ ഭരണകൂടവും വിദ്യാഭ്യാസ വകുപ്പും സംഭവത്തിൽ ഇടപെടുകയായിരുന്നു. സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ തന്റെ എക്സ് അക്കൗണ്ടിലൂടെ ഈ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു</p><p>ക്ലാസ് മുറിയിലെ തറയിൽ മദ്യലഹരിയിൽ ബോധമില്ലാതെ കിടക്കുന്ന പ്രധാനാധ്യാപകന്റെ ദൃശ്യങ്ങൾ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിതെളിച്ചു. കാട്കെ പതിവായി മദ്യപിച്ച് സ്കൂളിലെത്തുന്നുവെന്നും, കുട്ടികളെ ക്ലാസുകളിൽ നിന്ന് പുറത്താക്കുകയും, രക്ഷിതാക്കളോടും വിദ്യാർത്ഥികളോടും മോശമായി പെരുമാറുകയും ചെയ്യുന്നുവെന്ന് നാട്ടുകാരും രക്ഷിതാക്കളും പരാതിപ്പെട്ടു. ഉച്ചഭക്ഷണത്തിന് ശേഷം വൈകുന്നേരം 3 മണി വരെ ഇയാൾ ക്ലാസുകൾ എടുക്കാറില്ലെന്നും, സ്വന്തം ഇഷ്ടപ്രകാരം നാട്ടുകാരെക്കൊണ്ട് ക്ലാസുകൾ എടുപ്പിച്ചിരുന്നുവെന്നും പരാതിയിലുണ്ട്.</p><p>അധ്യാപകനെതിരെ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് അഭിജീത് ദീപ്കെ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. രക്ഷിതാക്കൾ തെളിവായി ചിത്രങ്ങൾ സഹിതം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പരിഷത്ത് കാട്കെയ്ക്ക് ഷോക്കോസ് നോട്ടീസ് അയച്ചെങ്കിലും നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടതിനെ തുടർന്ന് മഹാരാഷ്ട്ര ജില്ലാ പരിഷത്ത് ജില്ലാ സർവീസസ് ആക്ട് പ്രകാരം ഇയാളെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. രാജ്യത്തെ സർക്കാർ സ്കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും അവിടുത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുമായി കഴിഞ്ഞ ഓഗസ്റ്റ് 15-നാണ് സിജെപി ഈ ക്യാമ്പയിൻ ആരംഭിച്ചത്. ക്യാമ്പയിനിന്റെ ഭാഗമായി സ്കൂളുകൾ സന്ദർശിച്ചപ്പോഴാണ് അധ്യാപകൻ ലഹരിയിൽ മയങ്ങിക്കിടക്കുന്ന ദൃശ്യങ്ങൾ പ്രവർത്തകർക്ക് ലഭിച്ചത്.