കത്തിയുമായി പിന്നിലൂടെ ചെന്ന് ഡോളിയെ കെട്ടിപ്പിടിച്ച ശേഷം കഴുത്തറുത്തു; വീട്ടിനുള്ളില്‍ കയറി വെട്ടുകത്തി എടുത്തുകൊണ്ടുവന്ന് മുറ്റത്തിട്ട് തലയ്ക്ക് ആഴത്തില്‍ വെട്ടി; തൃശ്ശൂര്‍ പാവറട്ടിയില്‍ മനോരോഗിയായ മകന്റെ വെട്ടേറ്റ് അമ്മ മരിച്ചു

കത്തിയുമായി പിന്നിലൂടെ ചെന്ന് ഡോളിയെ കെട്ടിപ്പിടിച്ച ശേഷം കഴുത്തറുത്തു; വീട്ടിനുള്ളില്‍ കയറി വെട്ടുകത്തി എടുത്തുകൊണ്ടുവന്ന് മുറ്റത്തിട്ട് തലയ്ക്ക് ആഴത്തില്‍ വെട്ടി; തൃശ്ശൂര്‍ പാവറട്ടിയില്‍ മനോരോഗിയായ മകന്റെ വെട്ടേറ്റ് അമ്മ മരിച്ചു



തൃശ്ശൂര്‍: പാവറട്ടിയില്‍ മനോരോഗിയായ മകന്റെ ക്രൂരമായ വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ വയോധിക മരിച്ചു. തകരന്‍ (കോഴിപ്പറമ്പില്‍) വീട്ടില്‍ പരേതനായ ചെറിയാന്റെ ഭാര്യ ഡോളി (70) ആണ് മരിച്ചത്. സംഭവത്തില്‍ ഇവരുടെ മകന്‍ ബെന്‍ഹറിനെ പാവറട്ടി പോലീസ് സംഭവസ്ഥലത്തുനിന്ന് തന്നെ പിടികൂടി. തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.

വീട്ടിലെ തോട്ടത്തില്‍ ദൈനംദിന ജോലികള്‍ ചെയ്യുകയായിരുന്ന ഡോളിയെ ബെന്‍ഹര്‍ യാതൊരു പ്രകോപനവുമില്ലാതെ അക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കത്തിയുമായി പിന്നിലൂടെ ചെന്ന് ഡോളിയെ കെട്ടിപ്പിടിച്ച ശേഷം കഴുത്തറുക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിനുള്ളില്‍ കയറി വെട്ടുകത്തി എടുത്തുകൊണ്ടുവന്ന് മുറ്റത്തിട്ട് തലയ്ക്ക് ആഴത്തില്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു.

നിലവിളി കേട്ട് പറമ്പില്‍ ജോലിക്കെത്തിയ സമീപവാസി അറയ്ക്കല്‍ ഡേവിസ് ബെന്‍ഹറിനെ തടയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. ഡേവിസിന്റെ കൈയ്ക്കാണ് കത്തികൊണ്ട് പരിക്കേറ്റത്.

ഗുരുതരമായി പരിക്കേറ്റ ഡോളിയെ ഉടന്‍ തന്നെ പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഉച്ചയ്ക്ക് 11.30-ഓടെ മരണം സംഭവിക്കുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു വരുന്നു