തൃശൂർ: പുലിക്കളിയെ അധിക്ഷേപിച്ച എഴുത്തുകാരനും നടനുമായ വി.കെ. ശ്രീരാമന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിനെതിരെ പ്രതിഷേധം. പുരുഷന്മാരുടെ രൂപവൈകൃതത്തെ കലയ്ക്കുവേണ്ടി ഉപയോഗിക്കുന്ന ആഭാസമാണ് പുലിക്കളിയെന്നും കണ്ടാല്‍ ഓക്കാനം വരുന്ന ഇത്തരം ഒരു കലാവൈകൃതം ലോകത്തൊരിടത്തും ഉണ്ടാകില്ലെന്നായിരുന്നു ഫെയ്‌സ്ബുക്കിൽ വി.കെ. ശ്രീരാൻ കുറിച്ചത്. കഴിഞ്ഞ ദിവസം പുലിക്കളി സംഘങ്ങൾക്ക് 24 ലക്ഷം രൂപയുടെ കേന്ദ്ര സഹായം എം.പി. സുരേഷ് ഗോപി കൈമാറിയിരുന്നു.
ഇതിനുപിന്നാലെയാണ് വി.കെ. ശ്രീരാമന്റെ ഈ കുറിപ്പ് പുറത്തുവന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. പുരുഷന്മാര്‍ക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണെന്നും ആ വൈകൃതത്തെ കലക്കുവേണ്ടി ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു. ഇത് ഭാരതീയ കലയാണെന്നും നാട്യശാസ്ത്രത്തില്‍ 'ശാര്‍ദൂലവിക്രീഡിതം' എന്ന് ഇതിനെക്കുറിച്ച് പരാമർശമുണ്ടെന്നാണ് സുബ്രൻസാമി പറയുന്നതെന്നും അദ്ദേഹം പരിഹസിക്കുന്നുണ്ട്.
കുറിപ്പിന്റെ പൂര്‍ണരൂപം:
പുരുഷന്മാര്‍ക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണ്.ആ വൈകൃതത്തെ കലക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസവും. ലോകത്തൊരിടത്തും കണ്ടാല്‍ ഓക്കാനം വരുന്ന ഇത്തരം ഒരു കലാ വൈകൃതം ഉണ്ടാവില്ല.
ഇത് ഒരു ഭാരതീയ കലയാണെന്നും നാട്യശാസ്ത്രത്തില്‍ 'ശാര്‍ദൂലവിക്രീഡിതം' എന്ന് ഈ കുംഭകുലുക്കിക്കളിയെപ്പറ്റി പരാമര്‍ശമുണ്ടെന്നുമാണ് സുബ്രന്‍സാമി പറയുന്നത്.
അതാണൊരാശ്വാസം.
ശ്രീരാമന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് രംഗത്തെത്തിയത്. അതേസമയം, തൃശൂരിന്റെ പാരമ്പര്യമായ പുലിക്കളിയെ അവഹേളിക്കുന്ന തരത്തിലുള്ള വി.കെ. ശ്രീരാമന്റെ നിലപാട് തികച്ചും പ്രതിഷേധാർഹമാണെന്ന് പുലിക്കളി സംഘങ്ങൾ വ്യക്തമാക്കി.
