
കണ്ണൂര്‍: തലശ്ശേരിയെന്ന പൈതൃക നഗരം കാണാനെത്തിയതാണ് അമേരിക്കന്‍ വിനോദസഞ്ചാരികളായ ഹെന്ന ഹിഗിന്‍സും സിഗിനും മോറിസ് ജോസഫും. യാത്രയ്ക്കിടെ മൂന്നുദിവസം മുന്‍പ് ബാഗ് ഓട്ടോയില്‍ നഷ്ടമായി. ബാഗുകള്‍ തിരിച്ചു കിട്ടില്ലെന്ന് കരുതി യാത്ര തുടര്‍ന്നു. യാത്രയുടെ സന്തോഷത്തിനിടയില്‍ സംഭവിച്ച നഷ്ടം അവരെ നിരാശപ്പെടുത്തി.
തലശ്ശേരിയിലെ വിനീഷിന്റെ ഓട്ടോയിലായിരുന്നു അവരുടെ യാത്ര. സഞ്ചാരികളെ ഇറക്കി അല്പദൂരം പിന്നിട്ടപ്പോഴാണ് ഓട്ടോയിലിരിക്കുന്ന ബാഗുകള്‍ വിനീഷ് കണ്ടത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ വിനീഷിന് സഞ്ചാരികളെ കണ്ടെത്താനായില്ല. ബാഗുകള്‍ തലശ്ശേരി ട്രാഫിക് പോലീസ് സ്റ്റേഷനിലെത്തിച്ച് വിവരമറിയിച്ചു. ബാഗുകളന്വേഷിച്ച് സ്റ്റേഷനില്‍ ആരുമെത്തിയില്ല.
പതിവ് ഡ്യൂട്ടിക്കിടെ ചൊവ്വാഴ്ച എ.എസ്.ഐ. സുവേണ്‍ വി. ഗോപാല്‍ മൂന്ന് വിദേശ വിനോദസഞ്ചാരികളെ കണ്ടു. നടന്നു പോകുകയായിരുന്ന അവരുമായി സംസാരിച്ചു. പുരുഷനും രണ്ട് സ്ത്രീയും പേരുപറഞ്ഞ് പരിചയപ്പെട്ടു. ഹെന്ന ഹിഗിന്‍സ്, സിഗിന്‍, മോറിസ് ജോസഫ്. അവരോട് എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് ചോദിച്ചു. മൂവരുടെയും മുഖത്ത് ആശ്ചര്യവും അദ്ഭുതവും. ഇങ്ങനെയൊരനുഭവം ഇവര്‍ക്ക് ആദ്യം.
ബാഗുകള്‍ നഷ്ടപ്പെട്ട വിവരം പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് നേരെ പോലീസ് സ്റ്റേഷനിലേക്ക്. മിറക്കിള്‍'... നഷ്ടപ്പെട്ട ബാഗ് കണ്ടപ്പോള്‍ സഞ്ചാരികളുടെ ആദ്യ പ്രതികരണമിതായിരുന്നു. ഇലക്ട്രോണിക് ഉപകരണങ്ങളുള്‍പ്പെടെ വിലപിടിപ്പുള്ള വസ്തുക്കളായിരുന്നു ബാഗുകളില്‍. എസ്.ഐ.മാരായ സജിത്കുമാര്‍, എം.കെ.ശ്രീജിത്ത്, എ.എസ്.ഐ. മാരായ സുവേണ്‍ വി.ഗോപാല്‍, കെ.ആയിഷ, കെ.ബിനീഷ് എന്നിവര്‍ ബാഗുകള്‍ കൈമാറി. പോലീസ് സ്റ്റേഷനില്‍നിന്ന് ബാഗുകളുമായി പുറത്തിറങ്ങുമ്പോള്‍ അവരുടെ മനസ്സില്‍ തലശ്ശേരി ഒരു ചരിത്രനഗരം മാത്രമായിരുന്നില്ല, കരുതലുള്ള മനുഷ്യരുടെയും സഹായവുമായെത്തുന്ന പോലീസിന്റെയും നാടായി മാറിയിരുന്നു
