കോഴിക്കോട്ടെ ജൂവലറികളില്‍ നിന്നും 118 പവന്‍ സ്വര്‍ണവുമായി മുങ്ങി; ഒളിവില്‍ പോയ ജൂവലറിക്കാരന്‍ അറസ്റ്റില്‍

കോഴിക്കോട്ടെ ജൂവലറികളില്‍ നിന്നും 118 പവന്‍ സ്വര്‍ണവുമായി മുങ്ങി; ഒളിവില്‍ പോയ ജൂവലറിക്കാരന്‍ അറസ്റ്റില്‍



കോഴിക്കോട്: കമ്മത്ത് ലൈനിലെ വിവിധ ജൂവലറികളില്‍നിന്നായി 118 പവനിലേറെ വരുന്ന ആഭരണങ്ങളുമായി കടന്നുകളഞ്ഞ നടക്കാവ് നാലുകുടിപറമ്പ് സ്വദേശി സഫര്‍നാസിനെ (29) പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പുളിക്കല്‍ ചെറുകാവില്‍ വാടകവീട്ടില്‍ ഒളിവില്‍ കഴിയവെയാണ് ഇയാള്‍ പിടിയിലായത്.

മറ്റു വ്യാപാരികള്‍ വില്‍ക്കാന്‍ ഏല്‍പ്പിച്ച 1,39,35,747 രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളുമായി കഴിഞ്ഞ ജൂലൈ 28-നാണ് ഇയാള്‍ മുങ്ങിയത്. കസ്റ്റഡിയിലെടുത്ത സഫര്‍നാസ് സ്വര്‍ണം എന്തുചെയ്തു എന്നതിനെക്കുറിച്ച് പരസ്പരവിരുദ്ധമായ മൊഴികളാണ് നല്‍കിയിട്ടുള്ളത്. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയ ശേഷം ഇയാളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യും.

കേസില്‍ സഫര്‍നാസിന് ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിയ സഹോദരന്‍ ഷഫീഖിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സഹോദരന്റെ അറിവോടെയാണ് ഇയാള്‍ മലപ്പുറത്ത് താമസിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കൂടാതെ, ഇയാള്‍ക്ക് ഒളിയിടം ഒരുക്കാന്‍ സഹായിച്ചതായി സംശയിക്കുന്ന വെള്ളയില്‍ സ്വദേശിയായ തൊഴിലാളി നേതാവിനായുള്ള തെരച്ചില്‍ പോലീസ് ശക്തമാക്കിയിട്ടുണ്ട്.

സിറ്റി പോലീസ് കമ്മിഷണര്‍ എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ അസിസ്റ്റന്റ് കമ്മിഷണര്‍ അഷ്റഫ് തെങ്ങിലക്കണ്ടി, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.വി. ധനഞ്ജയദാസ്, ടൗണ്‍ എസ്.ഐ.മാരായ സജീഷ് ഷിനോബ്, ടി.കെ. വിഷ്ണു എന്നിവരുള്‍പ്പെടെ സിറ്റി ക്രൈം സ്‌ക്വാഡിലെയും സൈബര്‍ സെല്ലിലെയും ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.