തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ ജ്യോത്സ്യന്റെ മൊബൈല്‍ മോഷ്ടിച്ച മുന്‍ പോലീസുകാരന്‍ അറസ്റ്റില്‍

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ ജ്യോത്സ്യന്റെ മൊബൈല്‍ മോഷ്ടിച്ച മുന്‍ പോലീസുകാരന്‍ അറസ്റ്റില്‍



തളിപ്പറമ്പ്:  രാജരാജേശ്വര ക്ഷേത്രത്തില്‍ തൊഴാനെത്തിയ ജ്യോത്സ്യന്റെ മൊബൈല്‍ ഫോണ്‍ മോഷണം നടത്തിയ മുന്‍ പൊലിസുകാരന്‍ അറസ്റ്റില്‍. പയ്യന്നൂര്‍ അന്നൂര്‍ പുതിയങ്കാവിലെ വെള്ളോറ മഠത്തില്‍ വി.എം.വിപിന്‍കുമാറിനെ (39) യാണ് തളിപ്പറമ്പ് എസ്.ഐ സി.ജി സാംസണിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ചിറ്റാരിക്കല്‍ സ്വദേശി തവളക്കുണ്ടിലെ ആലയില്‍ പടിഞ്ഞാറേവീട്ടില്‍ സജിന്‍ മോഹന്റെ (35) 27,000 രൂപ വിലവരുന്ന ഫോണാണ് മോഷണം പോയത്. വ്യാഴാഴ്ച രാവിലെ പത്തരക്കും 11 നും ഇടയിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിലെ റാക്കില്‍ അഴിച്ചു വെച്ച ഷര്‍ട്ടിന്റെ പോക്കറ്റില്‍ സൂക്ഷിച്ച മൊബൈലാണ് മോഷ്ടിക്കപ്പെട്ടത്.

ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ സമര്‍ത്ഥമായ നീക്കത്തിലാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാള്‍ പിടിയിലായത്. ക്ഷേത്രങ്ങളില്‍ അകത്തുകയറാന്‍ വേണ്ടി ഷര്‍ട്ട് അഴിച്ചുവെക്കുന്നവരുടെ പോക്കറ്റിലുള്ള സാധനങ്ങളാണ് ഇയാള്‍ മോഷ്ടിച്ചിരുന്നത്.

തൃച്ചംബരം ക്ഷേത്രം, കാഞ്ഞിരങ്ങാട്, പയ്യന്നൂര്‍ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളില്‍ ഇയാള്‍ ഭക്തരുടെ സാധനങ്ങള്‍ മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു. മുന്‍ പൊലിസുകാരനായ പ്രതി വ്യാപകമായ മോഷണമാണ് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയത്. വ്യാഴാഴ്ച രാത്രി എട്ടിന് പയ്യന്നൂര്‍ ടൗണില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. വിശദമായി ചോദ്യം ചെയ്തതിനു ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി