വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റു: വൃദ്ധ ദമ്പതികള്‍ക്ക് ദാരുണാന്ത്യം



വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റു: വൃദ്ധ ദമ്പതികള്‍ക്ക് ദാരുണാന്ത്യം


പുല്പള്ളി: കൃഷിയിടത്തിലെ വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് വൃദ്ധ ദമ്പതികള്‍ മരിച്ചു. കാപ്പിസെറ്റ് ചെത്തിമറ്റം പുത്തന്‍ പുരയില്‍ ശിവദാസ് (62), ഭാര്യ സരസു (62) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം. ഇവരുടെ വീടിനോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ വന്യമൃഗങ്ങളെ തുരത്തുന്നതിനായി വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. ഇതിലേക്ക് വൈദ്യുതി പ്രവാഹമുണ്ടെന്നറിയാതെ അബദ്ധത്തില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഷോക്കേറ്റ സരസുവിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് ശിവദാസിന് ഷോക്കേറ്റത്.

തുടര്‍ന്ന് ഇരുവരുടെയും നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ച് ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചത്.
സരസുവിനെ പുല്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും ശിവദാസനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് പുല്‍പ്പള്ളി പോലീസും കെ.എസ്.ഇ.ബി അധികൃതരും ഇവിടെയെത്തി സ്ഥല പരിശോധന നടത്തി.