
ബാങ്കോക്ക്: ആൻഡമാൻ കടലിൽ റോഹിങ്ക്യൻ അഭയാർത്ഥികളും ബംഗ്ലാദേശ് സ്വദേശികളും സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി ഏകദേശം 250-ഓളം പേരെ കാണാതായതായി ഐക്യരാഷ്ട്രസഭ അറിയിച്ചു (Rohingya Refugee Boat Capsize). കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവരാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ കാറ്റും കടൽക്ഷോഭവും അമിതഭാരവുമാണ് ബോട്ട് മുങ്ങാൻ കാരണമായതെന്ന് യുഎൻ അഭയാർത്ഥി ഏജൻസിയും ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
ബംഗ്ലാദേശിലെ ടെക്നാഫിൽ നിന്ന് മലേഷ്യ ലക്ഷ്യമാക്കി പോയ ട്രോളറാണ് അപകടത്തിൽപ്പെട്ടത്. മെച്ചപ്പെട്ട ജീവിതം തേടി ബംഗ്ലാദേശിലെ അഭയാർത്ഥി ക്യാമ്പുകളിൽ നിന്ന് കടൽമാർഗ്ഗം പലായനം ചെയ്യാൻ ശ്രമിച്ചവരായിരുന്നു ഇവർ. ഏപ്രിൽ 9-ന് ഇൻഡൊനീഷ്യയിലേക്ക് പോകുകയായിരുന്ന ബംഗ്ലാദേശ് കോസ്റ്റ് ഗാർഡ് കപ്പൽ ഒമ്പത് പേരെ കടലിൽ നിന്ന് രക്ഷപ്പെടുത്തിയിരുന്നു. ഡ്രമ്മുകളിലും മരത്തടികളിലും തൂങ്ങിക്കിടന്ന നിലയിലായിരുന്നു ഇവരെ കണ്ടെത്തിയത്. രക്ഷപ്പെട്ടവരിൽ ആറ് പേർ മനുഷ്യക്കടത്ത് സംഘത്തിൽപ്പെട്ടവരാണെന്ന് സംശയിക്കുന്നതായും ഇവരെ പോലീസ് കസ്റ്റഡിയിൽ എടുത്തതായും റിപ്പോർട്ടുകളുണ്ട്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട റഫീഖുൽ ഇസ്ലാം എന്ന യുവാവ് പറയുന്നത്, മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത് സംഘം തങ്ങളെ വഞ്ചിക്കുകയായിരുന്നു എന്നാണ്. ബോട്ട് മുങ്ങുന്നതിന് മുൻപ് തന്നെ അമിതതിരക്ക് കാരണം ശ്വാസം മുട്ടി 30-ഓളം പേർ മരിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.
മ്യാൻമറിലെ സൈനിക പീഡനങ്ങളെത്തുടർന്ന് 2017-ൽ 7.3 ലക്ഷത്തിലധികം റോഹിങ്ക്യകളാണ് അയൽരാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. നിലവിൽ ബംഗ്ലാദേശിലെ ക്യാമ്പുകളിലെ ദുരിതജീവിതവും ഫണ്ട് വെട്ടിക്കുറച്ചതും കാരണം ആയിരക്കണക്കിന് ആളുകളാണ് ഓരോ വർഷവും ജീവൻ പണയപ്പെടുത്തി മലേഷ്യ പോലുള്ള രാജ്യങ്ങളിലേക്ക് കടൽ കടക്കാൻ ശ്രമിക്കുന്നത്. കഴിഞ്ഞ വർഷം മാത്രം സമാനമായ അപകടങ്ങളിൽ 427-ഓളം റോഹിങ്ക്യകൾ മരിച്ചതായാണ് യുഎൻ കണക്കുകൾ സൂചിപ്പിക്കുന്നത്
