ഓപ്പറേഷൻ പ്രോജക്ട് സീറോ; അഴിമതി ചിത്രീകരിച്ച് നൽകിയാൽ 5000 രൂപ പാരിതോഷികം


ഓപ്പറേഷൻ പ്രോജക്ട് സീറോ; അഴിമതി ചിത്രീകരിച്ച് നൽകിയാൽ 5000 രൂപ പാരിതോഷികം


ഓപ്പറേഷൻ പ്രോജക്ട് സീറോയുടെ ഭാഗമായി അഴിമതി ചിത്രീകരിച്ച് നൽകിയാൽ 5000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ. സർക്കാർ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി നൽകുന്ന പൊതുജനങ്ങൾക്ക് 5000 രൂപ പാരിതോഷികം നൽകുമെന്നാണ് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത്. സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിലെ അഴിമതിയും കൈക്കൂലിയും പൂർണമായും തുടച്ചുനീക്കാനുള്ള കർമ്മപദ്ധതിയുമായാണ് ആഭ്യന്തരവകുപ്പ് രംഗത്ത് എത്തിയിരിക്കുന്നത്.

‘പ്രോജക്ട് സീറോ’ എന്ന് പേരിട്ടിരിക്കുന്ന അഴിമതിവിരുദ്ധ മാസ് ആക്ഷൻ പദ്ധതിയാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനാം. വിജിലൻസ് ആസ്ഥാനത്ത് നടന്ന ഉന്നതതല യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം. ലഹരി മാഫിയക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ- ദ നാർക്കോ ഹണ്ട്’ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് അഴിമതിക്കെതിരെയും ആഭ്യന്തര വകുപ്പ് നിർണായക നീക്കവുമായി രംഗത്തെത്തുന്നത്.

പൊതുജന പങ്കാളിത്തത്തോടെ സുതാര്യവും ഉത്തരവാദിത്തപരവുമായ ഭരണസംവിധാനം ഉറപ്പാക്കുകയാണ് ‘പ്രോജക്ട് സീറോ’യിലൂടെ ലക്ഷ്യമിടുന്നത്. സർക്കാർ ജീവനക്കാർ കൈക്കൂലി ആവശ്യപ്പെടുകയോ വാങ്ങുകയോ ചെയ്യുന്ന സംഭവങ്ങൾ പൊതുജനങ്ങൾക്ക് വീഡിയോയായി പകർത്തി വിജിലൻസിന്റെ ഔദ്യോഗിക പോർട്ടലിൽ അപ്‌ലോഡ് ചെയ്യാം. ഈ തെളിവുകൾ വിജിലൻസ് ഉദ്യോഗസ്ഥർ കൃത്യമായി പരിശോധിച്ച് സത്യമാണെന്ന് ബോധ്യപ്പെട്ടാൽ പരാതിക്കാരന് 5,000 രൂപ സമ്മാനമായി നൽകും. വിവരങ്ങൾ കൈമാറുന്നവരുടെ വ്യക്തിവിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും സർക്കാർ ഉറപ്പുനൽകുന്നുണ്ട്.