കമലഹാസനെ തോല്‍പ്പിച്ച് എംഎല്‍എയായ വാനതി മൂന്നാം സ്ഥാനത്ത്; സംസ്ഥാന അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രനും തോറ്റു; നാലുസീറ്റുകള്‍ ഒന്നിലേക്ക് ചുരുങ്ങി; മോദി വന്ന് പ്രചാരണം നടത്തിയിടത്തും തോല്‍വി; അണ്ണാമലൈയുടെ അഭാവവും ബാധിച്ചു; തമിഴ് മണ്ണില്‍ കാലിടറി ബിജെപി

കമലഹാസനെ തോല്‍പ്പിച്ച് എംഎല്‍എയായ വാനതി മൂന്നാം സ്ഥാനത്ത്; സംസ്ഥാന അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രനും തോറ്റു; നാലുസീറ്റുകള്‍ ഒന്നിലേക്ക് ചുരുങ്ങി; മോദി വന്ന് പ്രചാരണം നടത്തിയിടത്തും തോല്‍വി; അണ്ണാമലൈയുടെ അഭാവവും ബാധിച്ചു; തമിഴ് മണ്ണില്‍ കാലിടറി ബിജെപി


ചെന്നൈ: നടന്‍ വിജയുടെ ടിവികെ പാര്‍ട്ടി സൃഷ്ടിച്ച അപ്രതീക്ഷിത മുന്നേറ്റത്തില്‍ തമിഴകത്ത് ബിജെപിക്കും കാറ്റുവീഴ്ച. ദേശീയ രാഷ്ട്രീയത്തില്‍ വലിയ കരുത്തുള്ള ബിജെപിക്ക്, ദ്രാവിഡ രാഷ്ട്രീയത്തിന്റെ മണ്ണില്‍ ഇത്തവണ പ്രതീക്ഷിച്ച മുന്നേറ്റം നടത്താനായില്ലെന്നു മാത്രമല്ല, കൈവശമുണ്ടായിരുന്ന സീറ്റുകള്‍ പോലും നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. 2021-ലെ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ സഖ്യത്തിന്റെ ഭാഗമായി 20 സീറ്റുകളില്‍ മത്സരിച്ച ബിജെപി 4 മണ്ഡലങ്ങളില്‍ വിജയിച്ചിരുന്നു. നൈനാര്‍ നാഗേന്ദ്രന്‍ (തിരുനെല്‍വേലി), വാനതി ശ്രീനിവാസന്‍ (കോയമ്പത്തൂര്‍ സൗത്ത്), എം.ആര്‍. ഗാന്ധി (നാഗര്‍കോവില്‍), സി. സരസ്വതി (മൊടക്കുറിച്ചി) എന്നിവരായിരുന്നു അന്ന് നിയമസഭയിലെത്തിയത്. എന്നാല്‍ 2026-ലേക്ക് എത്തുമ്പോള്‍ ബിജെപിയുടെ പ്രാതിനിധ്യം വെറും ഒന്നിലേക്ക് ചുരുങ്ങി. ഊട്ടിയില്‍ (ഉദഗമണ്ഡലം) നിന്ന് വിജയിച്ച എം. ഭോജരാജന്‍ മാത്രമാണ് നിയമസഭയിലെ ഏക ബിജെപി സാന്നിധ്യം. അദ്ദേഹമാവട്ടെ 976 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിനാണ് കയറിക്കൂടിയത്.

ടിവികെ തരംഗം വന്നതും, കഴിഞ്ഞ പാര്‍ട്ടിക്കായി ഊര്‍ജ്ജസ്വലമായി രംഗത്തുണ്ടായിരുന്ന, മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ രംഗത്തില്ലാത്തതുമാണ് ബിജെപിയുടെ തിരിച്ചടിക്കുള്ള പ്രധാന കാരണങ്ങളായി പറയുന്നത്.

ഞെട്ടിക്കുന്ന തോല്‍വി

പാര്‍ട്ടിയുടെ കരുത്തുറ്റ മുഖങ്ങള്‍ ഇത്തവണ അമ്പേ പരാജയപ്പെട്ടു എന്നത് ബിജെപിയെ ഞെട്ടിക്കുന്ന വസ്തുതയാണ്. സംസ്ഥാന അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍ സാത്തൂരില്‍ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. മുന്‍ ഗവര്‍ണര്‍ തമിളിസൈ സൗന്ദരരാജന്‍, ദേശീയ നേതാവ് വാനതി ശ്രീനിവാസന്‍ എന്നിവര്‍ തങ്ങളുടെ മണ്ഡലങ്ങളില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കേന്ദ്രമന്ത്രി എല്‍. മുരുകനും പരാജയം രുചിച്ചു.

2021-ലെ തിരഞ്ഞെടുപ്പില്‍ തമിഴ് രാഷ്ട്രീയത്തെയും സിനിമാ ലോകത്തെയും ഒരുപോലെ ഞെട്ടിച്ച വിജയമായിരുന്നു ബിജെപിയുടെ വാനതി ശ്രീനിവാസന്റേത്. കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ സൂപ്പര്‍ താരം കമല്‍ഹാസനെ 1,540 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് വാനതി നിയമസഭയിലെത്തിയത്. ബിജെപിയുടെ കരുത്ത് തെളിയിച്ച ആ മണ്ഡലം ഇത്തവണ പാര്‍ട്ടിക്ക് നിലനിര്‍ത്താനായില്ല. ഇത്തവണ കോയമ്പത്തൂര്‍ നോര്‍ത്തിലേക്ക് മാറിയ വാനതിക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത് പാര്‍ട്ടിക്കേറ്റ വലിയ പ്രഹരമാണ്.

കേന്ദ്രമന്ത്രിയായ എല്‍. മുരുകന്‍ എസ്സി സംവരണ മണ്ഡലമായ അവിനാശിയില്‍ നിന്നാണ് ജനവിധി തേടിയത്. ഇവിടെ ടിവികെയുടെ എസ് കമലയാണ് വിജയിച്ചത്. മുന്‍ ഗവര്‍ണറായ തമിളിസൈ ചെന്നൈയിലെ മൈലാപ്പൂര്‍ മണ്ഡലത്തിലാണ് മത്സരിച്ചത്. ഇവിടെയും ടിവികെയാണ് വന്‍ ഭൂരിപക്ഷത്തിന് ജയിച്ചത്. ബിജെപിയുടെ ശക്തികേന്ദ്രങ്ങളായി കരുതിയിരുന്ന, മൊടക്കുറിച്ചിയിലും തമിഴക വെട്രി കഴകമാണ് വിജയിച്ചത്. മൊടക്കുറിച്ചിയില്‍ ടിവികെയുടെ, ഡി. ഷണ്‍മുഖം 2,430 വോട്ടുകള്‍ക്ക് വിജയിച്ചു. കഴിഞ്ഞ തവണ ബിജെപി വിജയിച്ച തിരുനെല്‍വേലിയില്‍ ഇത്തവണ മുന്നണി ധാരണ പ്രകാരം എഐഎഡിഎംകെയാണ് മത്സരിച്ചത്. അവിടെയും ടിവികെയുടെ ആര്‍.എസ്. മുരുകന്‍ 11,414 വോട്ടുകള്‍ക്ക്് ഡിഎംകെയിലെ സുബ്രഹ്‌മണ്യനെ തോല്‍പ്പിച്ചു. അവിടെ എഐഡിഎംകെ മൂന്നാം സ്ഥാനത്തേക്ക് പിന്തുള്ളപ്പെട്ടു. കഴിഞ്ഞ തവണ ഇവിടെ ബിജെപി ടിക്കറ്റില്‍ ജയിച്ച നൈനാര്‍ നാഗേന്ദ്രന്‍ ഇത്തവണ മണ്ഡലം മാറി സാത്തൂരിലാണ് മത്സരിച്ചത്. അവിടെയും തോല്‍വിയാണ് ഫലം.

വോട്ട് ശതമാനം വര്‍ധിച്ചു

എങ്കിലും ബിജെപിക്ക് ആശ്വസിക്കാന്‍ ഒരു വകയുള്ളത് വോട്ട് വിഹിതത്തിലാണ്. 2021-ല്‍ 2.62% ആയിരുന്ന വോട്ട് വിഹിതം ഇത്തവണ 5.12% ആയി ഉയര്‍ന്നു. വോട്ട് വിഹിതം വര്‍ധിച്ചിട്ടും അത് സീറ്റുകളാക്കി മാറ്റാന്‍ കഴിയാത്തത് പാര്‍ട്ടിയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്.

തമിഴ്നാട്ടില്‍ ബിജെപിയെ വലിയ സാനിധ്യമാക്കിയത് മുന്‍ ഐപിഎസ് ഓഫീസറായിരുന്ന, മുന്‍ സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ ആയിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ അദ്ദേഹം ഒട്ടും സജീവമായിരുന്നില്ല. ഇത് ബിജെപിയുടെ തിരഞ്ഞെടുപ്പിലെ പ്രകടനത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ലോകസഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടിയുടെ മുഖമായിരുന്ന അദ്ദേഹം ഇത്തവണ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടായിരുന്നില്ല. 2021-ന് ശേഷം ബിജെപിയെ തമിഴ്‌നാട്ടില്‍ സജീവമാക്കുന്നതിലും യുവാക്കളെ പാര്‍ട്ടിയോട് അടുപ്പിക്കുന്നതിലും അണ്ണാമലൈ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. അദ്ദേഹം സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് മാറിയതും മത്സരിക്കാത്തതും പാര്‍ട്ടിയുടെ ആവേശം കുറയാന്‍ കാരണമായതായി കരുതപ്പെടുന്നു. വിജയ് ഇപ്പോള്‍ സ്റ്റാലിനെതിരെ ഉന്നയിക്കുന്ന പല ആരോപണങ്ങളും കുത്തിപ്പൊക്കിയത് അണ്ണാമലൈയാണ്. ഒരുവേള എഐഡിഎംകെ സംഖ്യതന്നെ വിഛേദിച്ച ആണ്ണാമലൈ ബിജെപിയെ ഒറ്റക്ക് മുഖ്യ പ്രതിപക്ഷത്തിന്റെ റോളിലേക്ക് ഉയര്‍ത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ വെട്ടൊന്ന് മുറിരണ്ട് എന്ന ശൈലി ബിജെപി കേന്ദ്ര നേതൃത്വത്തിനടക്കം ഇഷ്ടപ്പെട്ടില്ല. അതിനാല്‍ അണ്ണാമലെയെ സംസ്ഥാന അധ്യക്ഷന്‍ സ്ഥാനത്തുനിന്ന് മാറ്റി. തുടര്‍ന്ന് വീണ്ടും എഐഎഡിഎംകെയുമായി സഖ്യവുമായി.

എന്നാല്‍ സഖ്യത്തില്‍ ബിജെപിക്ക് ലഭിച്ച സീറ്റുകളിലും മണ്ഡലങ്ങളിലും അണ്ണാമലൈക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. പ്രത്യേകിച്ചും തനിക്ക് താല്‍പ്പര്യമുള്ള മണ്ഡലങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് അദ്ദേഹം സ്വയം പിന്മാറുകയായിരുന്നു എന്നും പറയപ്പെടുന്നു. അണ്ണാമലെയെ സംസ്ഥാനമൊട്ടാകെയുള്ള പ്രചാരണ ചുമതലയില്‍ നിന്ന് മാറ്റി വെറും 6 മണ്ഡലങ്ങളുടെ ചുമതലയിലേക്ക് ഒതുക്കിയതും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുള്ള സജീവ പങ്കാളിത്തം കുറയാന്‍ കാരണമായി. എന്നാല്‍, പിതാവിന്റെ ആരോഗ്യനില മോശമായതിനാല്‍ തിരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് അദ്ദേഹം തന്നെ അറിയിച്ചിരുന്നു. പക്ഷേ ബിജെപിയുടെ തമിഴ്‌നാട്ടിലെ വളര്‍ച്ചയ്ക്ക് അടിത്തറയിട്ട നേതാവ് എന്ന നിലയില്‍ അണ്ണാമലൈ നേരിട്ട് മത്സരരംഗത്തില്ലാത്തത് പാര്‍ട്ടിയുടെ ആത്മവിശ്വാസത്തെയും പ്രചാരണത്തിന്റെ ആവേശത്തെയും കാര്യമായി ബാധിച്ചു. ആ അഭാവം സൃഷ്ടിച്ച വിടവ് നികത്താന്‍ ഇത്തവണ മറ്റ് നേതാക്കള്‍ക്ക് സാധിച്ചതുമില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള പ്രചാരണവും റോഡ് ഷോകളും നടന്നിട്ടും തമിഴ് ജനത ബിജെപിയെ കൈവിട്ടു എന്നതാണ് സത്യം. മോദിയെ ഇറക്കി വിപുലമായ കാമ്പയിനാണ് എഐഡിഎംകെ -ബിജെപി സഖ്യം നടത്തിയത്. കന്യാകുമാരിയും നാഗര്‍കോവിലും മോദി വലിയ റോഡ് ഷോ നടത്തി. കോയമ്പത്തൂരിലെ മെട്ടുപാളയത്ത് നടന്ന വന്‍ പൊതുറാലിയില്‍ പ്രധാനമന്ത്രി സംസാരിച്ചു. മധുരയില്‍ നടന്ന എന്‍ഡിഎ തിരഞ്ഞെടുപ്പ് റാലിയില്‍ ഡിഎംകെയുടെ അഴിമതിക്കെതിരെയും കുടുംബ ഭരണത്തിനെതിരെയും മോദി ആഞ്ഞടിച്ചിരുന്നു. ചെന്നൈ, മൈലാപ്പൂര്‍, മധുരാന്തകം എന്നിവടങ്ങളിലും വലിയ റാലിയാണ് മോദിയുടെ നേതൃത്വത്തില്‍ നടത്തിയത്. എന്നിട്ടും ദ്രാവിഡ രാഷ്ട്രീയത്തിന് ബദലായി ടിവികെ ഉയര്‍ന്നു വന്നത് ബിജെപിയുടെ വളര്‍ച്ചയെ മന്ദഗതിയിലാക്കിയിരിക്കുന്നു. വരാനിരിക്കുന്ന വര്‍ഷങ്ങളില്‍ തമിഴ്‌നാട്ടില്‍ വേരുറപ്പിക്കാന്‍ പാര്‍ട്ടിക്ക് പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കേണ്ടി വരും.