മുനമ്പം വഖഫ് ഭൂമി;“ഉമീദ്” പോർട്ടലിൽ രജിസ്റ്റർ ചെയ്തത് സ്വാഭാവിക നടപടിക്രമം മാത്രം

മുനമ്പം വഖഫ് ഭൂമി;“ഉമീദ്” പോർട്ടലിൽ രജിസ്റ്റർ ചെയ്തത് സ്വാഭാവിക നടപടിക്രമം മാത്രം


മുനമ്പം ഭൂമി കേന്ദ്ര സർക്കാരിന്റെ വഖഫ് സ്വത്ത് മാനേജ്മെന്റ് സംവിധാനമായ “ഉമീദ്” പോർട്ടലിൽ രജിസ്റ്റർ ചെയ്തത് സ്വാഭാവിക നടപടിക്രമം മാത്രം. പോർട്ടലിൽ രജിസ്റ്റർ ചെയ്തതുകൊണ്ടു മാത്രം കോടതി വ്യവഹാരത്തിലുള്ള ഭൂമിയുടെ ഉടമസ്ഥാവകാശത്തിൽ തീരുമാനമുണ്ടാവില്ല.
ഉമീദ് പോർട്ടലിൽ വഖഫ് സ്വത്ത് രജിസ്റ്റർ ചെയ്യുന്നത് വ്യക്തികളല്ല, ബന്ധപ്പെട്ട വഖഫ് ബോർഡ്, മുതവല്ലി, അല്ലെങ്കിൽ മാനേജിംഗ് കമ്മിറ്റി അംഗങ്ങളാണ്.

മുനമ്പം ഭൂമി വിഷയത്തിൽ “മുതവല്ലി” ആയി പ്രവർത്തിച്ചത് കേരള സംസ്ഥാന വഖഫ് ബോർഡ് ആണ്. വ്യവഹാരങ്ങൾ നടക്കുന്നതിനാൽ പ്രത്യേക വ്യക്തിയെയോ പ്രാദേശിക കമ്മിറ്റിയെയോ അല്ലാതെ ബോർഡ് തന്നെ സ്വത്ത് പരിപാലന അധികാരിയായി രേഖപ്പെടുത്തണം. മുനമ്പം വഖഫ് വിഷയം എറണാകുളം ജില്ലയിലെ മുനമ്പം പ്രദേശത്തെ ഏകദേശം 404 ഏക്കർ ഭൂമിയിലുള്ള നിയമ-സാമൂഹിക തർക്കമാണ്. 1950-ൽ സിദ്ദിഖ് സെയ്തെന്നയാൾ ഫാറൂഖ് കോളേജിന് വഖഫ് ചെയ്ത ഭൂമി പിന്നീട് മറിച്ചു വിറ്റു നൂറുകണക്കിന് കുടുംബങ്ങൾ വീടുവച്ച് താമസം തുടങ്ങി.


നികുതി അടച്ചു, രജിസ്ട്രേഷൻ രേഖകളും കൈവശം വെച്ചു. വൈദ്യുതി കണക്ഷനും ബാങ്ക് വായ്പകളും എടുത്തു. 2019ൽ കേരള വഖഫ് ബോർഡ് ഇതു വക ഭൂമിയാണെന്ന് രേഖപ്പെടുത്തി. കേരള ഹൈക്കോടതി ഒരു ഘട്ടത്തിൽ ഭൂമി വഖഫ് സ്വത്തല്ലെന്ന് നിരീക്ഷിച്ചെങ്കിലും സുപ്രീം കോടതി ആ വിധിയുടെ ഭാഗം സ്റ്റേ ചെയ്തു. കേസ് തുടരുകയാണ്. പോർട്ടലിൽ രജിസ്റ്റർ ചെയ്താൽ മാത്രം ഭൂമി വഖഫ് സ്വത്തെന്നോ അവിടെ താമസിക്കുന്ന കുടുംബങ്ങളുടെ സ്വകാര്യ ഉടമസ്ഥതയിലുള്ളതെന്നോ അന്തിമ തീരുമാനമാവില്ല.