പിണറായിയുടേത് തോറ്റതിന് തുല്യമായ ജയം; ഷംസീറിനെ വെട്ടിനിരത്തി; ശൈലജയെ ഒതുക്കാന്‍ പേരാവൂരില്‍ കെട്ടിയിട്ടു; രൂക്ഷവിമര്‍ശനവുമായി പി.വി. അന്‍വര്‍

പിണറായിയുടേത് തോറ്റതിന് തുല്യമായ ജയം; ഷംസീറിനെ വെട്ടിനിരത്തി; ശൈലജയെ ഒതുക്കാന്‍ പേരാവൂരില്‍ കെട്ടിയിട്ടു; രൂക്ഷവിമര്‍ശനവുമായി പി.വി. അന്‍വര്‍


കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണിക്കുമെതിരെ അതിരൂക്ഷമായ ആരോപണങ്ങളുമായി പി.വി. അന്‍വര്‍. ഈ തിരഞ്ഞെടുപ്പില്‍ സി.പി.എം ബോധപൂര്‍വ്വം വെട്ടിനിരത്തിയ നേതാവാണ് സ്പീക്കര്‍ എ.എന്‍. ഷംസീറെന്നും കെ.കെ. ശൈലജയെ ഒതുക്കാനാണ് സുരക്ഷിതമല്ലാത്ത പേരാവൂര്‍ മണ്ഡലത്തില്‍ മത്സരിപ്പിച്ചതെന്നും അന്‍വര്‍ ആരോപിച്ചു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് ഇത്തവണ തോറ്റതിന് തുല്യമായ ജയമായിരിക്കും പിണറായി വിജയന്റേതെന്ന് അന്‍വര്‍ പരിഹസിച്ചു. കേരളത്തിലുടനീളം ശക്തമായ പിണറായി വിരുദ്ധത പ്രകടമാണ്. ഇടത് വോട്ടര്‍മാര്‍ പോലും 'പിണറായിസത്തിന്' എതിരെ ചിന്തിച്ചു തുടങ്ങിയെന്നും ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും മത്സരിച്ചത് ഈ പിണറായിസത്തിനെതിരെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടതുപക്ഷത്തെ സംഘപരിവാറിന്റെ കാലില്‍ കെട്ടിയ ഒറ്റുകാരനായി പിണറായി വിജയന്‍ ചരിത്രത്തില്‍ അറിയപ്പെടുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

മന്ത്രി മുഹമ്മദ് റിയാസിനെതിരെയും അന്‍വര്‍ ആഞ്ഞടിച്ചു. താന്‍ മത്സരിച്ചതുകൊണ്ട് റിയാസിനെ ബേപ്പൂര്‍ മണ്ഡലത്തില്‍ തന്നെ തളച്ചിടാന്‍ സാധിച്ചുവെന്നും ഇത് കോഴിക്കോട് ജില്ലയില്‍ ഉടനീളം യുഡിഎഫിന് ഗുണം ചെയ്‌തെന്നും അദ്ദേഹം അവകാശപ്പെട്ടു. തോറ്റാല്‍ മൊട്ടയടിക്കാമെന്ന് താന്‍ റിയാസിനെ വെല്ലുവിളിച്ചിരുന്നു. ഊരാളുങ്കല്‍ സൊസൈറ്റിയുടെ കരാറുകളില്‍ സമഗ്രമായ അന്വേഷണം വേണമെന്നും കോടികള്‍ ഇതിലൂടെ അടിച്ചുമാറ്റിയെന്നും അന്‍വര്‍ ആരോപിച്ചു.

കുടുംബാംഗങ്ങള്‍ക്കെതിരെയുള്ള കേസുകള്‍ ഒതുക്കിത്തീര്‍ക്കാന്‍ പിണറായി വിജയന്‍ കേന്ദ്ര സര്‍ക്കാരുമായി രഹസ്യധാരണയുണ്ടാക്കിയെന്ന് അന്‍വര്‍ ആരോപിച്ചു. ഇടതുപക്ഷത്തെ തീവ്ര വലതുപക്ഷ നിലപാടുകളിലേക്ക് പിണറായി തിരിച്ചുവെന്നും ഇത് വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫില്‍ മൂന്നോ നാലോ നേതാക്കളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത് പാര്‍ട്ടിയുടെ കരുത്താണെന്നും രാഹുല്‍ ഗാന്ധിക്ക് വേണമെങ്കില്‍ കേരളത്തില്‍ മുഖ്യമന്ത്രിയാകാമെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ പി.വി. അന്‍വര്‍ നടത്തുന്ന ഈ കടന്നാക്രമണം രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. പ്രത്യേകിച്ച് സി.പി.എമ്മിനുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളും നേതാക്കള്‍ തമ്മിലുള്ള ഭിന്നതയും പരസ്യമാക്കുന്നതാണ് അന്‍വറിന്റെ പ്രസ്താവനകള്‍.