വലിയ പെരുന്നാള്‍ അവധിക്ക് മുന്‍പ് റഹീം പുറത്തിറങ്ങുമോ? ആകാംക്ഷയോടെ ബന്ധുക്കള്‍; മോചന ഉത്തരവില്‍ സൗദി അധികൃതര്‍ ഒപ്പിട്ടതായി ശുഭവാര്‍ത്ത! എക്‌സിറ്റ് വിസ റെഡി; സൗദി ബാലന്‍ കൊല്ലപ്പെട്ട കേസിലെ കൈപ്പിഴയ്ക്ക് ഇരുപത് വര്‍ഷത്തെ ജയില്‍ശിക്ഷ; ഒടുവില്‍ ഫറോക്കിലെ ആ അമ്മയുടെ കണ്ണീരൊപ്പാന്‍ അബ്ദുല്‍ റഹീം വരുന്നു



വലിയ പെരുന്നാള്‍ അവധിക്ക് മുന്‍പ് റഹീം പുറത്തിറങ്ങുമോ? ആകാംക്ഷയോടെ ബന്ധുക്കള്‍; മോചന ഉത്തരവില്‍ സൗദി അധികൃതര്‍ ഒപ്പിട്ടതായി ശുഭവാര്‍ത്ത! എക്‌സിറ്റ് വിസ റെഡി; സൗദി ബാലന്‍ കൊല്ലപ്പെട്ട കേസിലെ കൈപ്പിഴയ്ക്ക് ഇരുപത് വര്‍ഷത്തെ ജയില്‍ശിക്ഷ; ഒടുവില്‍ ഫറോക്കിലെ ആ അമ്മയുടെ കണ്ണീരൊപ്പാന്‍ അബ്ദുല്‍ റഹീം വരുന്നു




കോഴിക്കോട്/റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ കഴിഞ്ഞ ഇരുപത് വര്‍ഷമായി റിയാദ് ജയിലില്‍ കഴിഞ്ഞിരുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന നടപടികള്‍ അന്തിമഘട്ടത്തില്‍ എത്തി. അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവില്‍ സൗദി അധികൃതര്‍ ഒപ്പുവെച്ചതായി റഹീം സഹായ സമിതി ഔദ്യോഗികമായി അറിയിച്ചു. മോചനവുമായി ബന്ധപ്പെട്ട തുടര്‍ന്നുള്ള നിയമനടപടികള്‍ വളരെ വേഗത്തിലാണ് പുരോഗമിക്കുന്നത്. നാട്ടിലേക്ക് മടങ്ങുന്നതിന് ആവശ്യമായ എക്‌സിറ്റ് വിസ നടപടികള്‍ ഇതിനകം തന്നെ പൂര്‍ത്തിയായിട്ടുണ്ട്. ഇനി രാജ്യം വിടുന്നതിനുള്ള എമിഗ്രേഷന്‍ ക്ലിയറന്‍സ് നടപടികള്‍ മാത്രമാണ് അവശേഷിക്കുന്നത്.

എമിഗ്രേഷന്‍ നടപടികള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ ഏതു സമയത്തും അദ്ദേഹത്തിന് നാട്ടിലേക്ക് തിരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതു അവകാശ കേസില്‍ കോടതി വിധിച്ച തടവ് ശിക്ഷ കഴിഞ്ഞ ചൊവ്വാഴ്ച അവസാനിച്ച സാഹചര്യത്തില്‍, ജയില്‍ മോചിതനായാല്‍ മൂന്നു ദിവസത്തിനകം റഹീമിനെ നാട്ടിലെത്തിക്കാനാണ് ശ്രമമെന്ന് റഹീം നിയമ സഹായ കമ്മിറ്റി, നിയമ സഹായ ട്രസ്റ്റ് ഭാരവാഹികളും കുടുംബാംഗങ്ങളും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

വധശിക്ഷ റദ്ദാക്കി 2024 ജൂലായ് രണ്ടിന് റിയാദ് ക്രിമിനല്‍ കോടതി ഉത്തരവിട്ടതിന് പിന്നാലെ, ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങുന്നവര്‍ പാലിക്കേണ്ട നിയമപരമായ കാര്യങ്ങള്‍ മുന്‍കൂട്ടി തീര്‍പ്പാക്കാന്‍ സാധിച്ചത് റഹീമിന് പെട്ടെന്നുള്ള മോചനത്തിന് വഴിതുറന്നു. അതുകൊണ്ടുതന്നെ ജയിലില്‍നിന്ന് ഇറങ്ങി എംബസി മുഖേന ടിക്കറ്റ് ലഭ്യമായാല്‍ നാട്ടിലേക്കുള്ള യാത്രയ്ക്ക് മറ്റ് തടസ്സങ്ങളുണ്ടാകില്ല. അതേസമയം, വലിയ പെരുന്നാള്‍ പ്രമാണിച്ച് വ്യാഴാഴ്ച മുതല്‍ 15 ദിവസം റിയാദ് കോടതിക്ക് അവധിയായിരിക്കുമെന്നതിനാല്‍ അതിനുമുന്‍പുള്ള പെട്ടെന്നുള്ള മോചനമാണ് ട്രസ്റ്റ് ഭാരവാഹികള്‍ പ്രതീക്ഷിക്കുന്നത്.

2006 നവംബറിലാണ് സൗദി ബാലന്‍ അനസ് അല്‍ ഫായിസിന്റെ കൊലപാതകക്കേസില്‍ അബ്ദുല്‍ റഹീം അറസ്റ്റിലാകുന്നത്. സ്‌പോണ്‍സറുടെ ചലനശേഷിയില്ലാത്ത മകനുമൊത്ത് കാറില്‍ സഞ്ചരിക്കുമ്പോള്‍ റഹീമിന്റെ കൈ അബദ്ധത്തില്‍ ബാലന്റെ കഴുത്തില്‍ ഘടിപ്പിച്ച ശ്വസന സഹായിയായ ഉപകരണത്തില്‍ തട്ടുകയും, തുടര്‍ന്ന് കുട്ടി ബോധരഹിതനായി മരിക്കുകയുമായിരുന്നു എന്നാണ് കേസ്. ഈ സംഭവത്തില്‍ അറസ്റ്റിലായ റഹീമിന് 2012-ല്‍ റിയാദ് കോടതി വധശിക്ഷ വിധിച്ചു. പിന്നീട് റഹീമിനെ മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നാട്ടിലും വിദേശത്തും വിപുലമായ സഹായ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു.

ലോകമെമ്പാടുമുള്ള മലയാളികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ 47 കോടി രൂപ സമാഹരിച്ചത് വലിയൊരു ചരിത്ര സംഭവമായി മാറി. സൗദി ബാലന്റെ കുടുംബത്തിന് ആവശ്യപ്പെട്ട പ്രകാരം 15 മില്യണ്‍ റിയാല്‍ (ഏകദേശം 34 കോടി രൂപ) ദിയാധനം (മോചനദ്രവ്യം) നല്‍കിയതിനെ തുടര്‍ന്നാണ് കോടതി റഹീമിന്റെ വധശിക്ഷ ഒഴിവാക്കിയത്.

ദിയാധനം നല്‍കി വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയെങ്കിലും പൊതു അവകാശ നിയമപ്രകാരം കോടതി വിധിച്ച 20 വര്‍ഷത്തെ തടവ് ശിക്ഷ പൂര്‍ത്തിയാക്കേണ്ടതുണ്ടായിരുന്നു. ഈ ശിക്ഷാകാലാവധിയാണ് കഴിഞ്ഞദിവസം അവസാനിച്ചത്. നീണ്ട കാത്തിരിപ്പിനൊടുവില്‍ റഹീം നാട്ടിലെത്തുന്നതിന്റെ സന്തോഷത്തിലാണ് കുടുംബവും ലോകമെമ്പാടുമുള്ള മലയാളി സമൂഹവും. അതേസമയം, റഹീമിന്റെ മോചനത്തിനായി സമാഹരിച്ച തുകയില്‍ പതിനൊന്നര കോടി രൂപ ബാക്കിയുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.